dyfi-leader-threatens-kozhikode-city-police-commissioner-shoukathali
  • ഏത് അലിയാണെങ്കിലും ഡിവൈഎഫ്‌ഐക്ക് ഒരു കണക്കാണെന്നും സമരം അടിച്ചമർത്താൻ നോക്കിയാൽ കമ്മീഷണർ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം എം.കെ. നികേഷ് ഭീഷണിപ്പെടുത്തി.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്. ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിപിഐഎം, ഡിവൈഎഫ്‌‌ഐ നേതാക്കൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിലാണ് വിവാദ പ്രസംഗം ഉണ്ടായത്. 

"കോഴിക്കോട് കമ്മീഷണറുടെ പൊടിപോലും കാണില്ല" എന്നും നെയിം ബോർഡും യൂണിഫോമും ഇല്ലാതെ പൊലീസ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കുമെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. നികേഷ് ഭീഷണി മുഴക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങൾക്കിടെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രസംഗത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെയും സിറ്റി കമ്മീഷണറുടെയും പേരെടുത്തു പറഞ്ഞാണ് നേതാവ് വെല്ലുവിളി നടത്തിയത്. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച നേതാവ്, നിയമവും മര്യാദയും പാലിക്കാതെ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഭീഷണിപ്പെടുത്തി.

കമ്മീഷണർ ഷൗക്കത്തലിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രസംഗത്തിൽ ഉയർന്നത്. "കമ്മീഷണർ ഷൗക്കത്തലി വന്നാൽ എല്ലാം ശരിയാകും എന്ന് പ്രചരിപ്പിക്കുകയും റീൽസുകളിൽ നിറയുകയും ചെയ്യുകയാണ്. എന്നാൽ ഏത് അലിയാണെങ്കിലും ഡിവൈഎഫ്‌ഐക്ക് ഒരു കണക്കാണ്. സമരം അടിച്ചമർത്താൻ നോക്കിയാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല," എന്ന് നികേഷ് ഭീഷണിപ്പെടുത്തി.

ENGLISH SUMMARY:

DYFI State Committee member M.K. Nikesh issued open threats against Kozhikode City Police Commissioner Shoukathali during a protest rally to the Kozhikode Railway Station. The march was organized to protest the police action against CPIM and DYFI leaders demonstrating in Delhi against Election Commissioner Gyanesh Kumar, as well as recent police crackdowns on SFI-DYFI activists in Kerala.