തലസ്ഥാന നഗരിയെ യുദ്ധസമാനമായ അന്തരീക്ഷത്തിലാക്കി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എസ്.എഫ്.ഐ സംഘര്‍ഷം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ മാര്‍ച്ചിലേക്ക് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്നും കുപ്പിയേറുണ്ടായതാണ് പ്രകോപനത്തിന്‍റെ തുടക്കം.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലും, കുപ്പിയും, പെട്രോള്‍ ബോംബും എറിഞ്ഞെന്ന് ആരോപിച്ച് തീപ്പന്തം തിരിച്ചെറിഞ്ഞതോടെ സംഘര്‍ഷം കനത്തു. പൊലീസും മന്ത്രി ഒ.ജെ ജനീഷ്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏജീസ് ഓഫിസ് മാര്‍ച്ച് പൂര്‍ത്തിയാക്കി.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ എസ്.എഫ്.ഐ തല്ലിത്തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു തുടര്‍ന്നുള്ള കല്ലേറും ലാത്തിചാര്‍ജും. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഹോസ്റ്റലിന്‍റെ ഉള്ളില്‍ കയറി ലാത്തിചാര്‍ജ് നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരുക്കേറ്റു.
അതേസമയം തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ബിജെപി പ്രവർത്തകർ എന്ന് സ്ഥിരീകരിച്ച് പോലീസ്. നെയ്യാറ്റിൻകരയിലെ ബിജെപി പ്രവർത്തകരായ പ്രദീപ്, ശ്രീലാൽ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിൽ ശ്രീലാൽ സ്കൂട്ടറിൽ ഇരിക്കുകയും പ്രദീപ് കല്ലെറിയുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവരെ രക്ഷപ്പെടാൻ സഹായിക്കുകയും ആക്രമണത്തിന് ഗൂഢാലോചനയിൽ പങ്കാളി ആവുകയും ചെയ്ത മറ്റൊരു ബിജെപി പ്രവർത്തകൻ അഖിലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ നേതാക്കൾക്ക് ആക്രമണത്തിൽ അറിവോ പങ്കോ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേർക്കും ഇന്നലെ രാത്രി ആക്രമണമുണ്ടായി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ബൈക്കിലും കാറിലുമായി എത്തിയവരാണ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേർക്ക് ബിയർ കുപ്പി വലിച്ചെറിഞ്ഞത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഫീസിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇവർ ഓഫീസിൽ നിൽക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.