തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി മാർച്ചിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ ലാത്തിവീശി. സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, യൂണിയൻ ചെയർമാൻ ഉൾപ്പെടെ നിരവധി പേര്‍ക്ക്  പൊലീസുകാർക്കും പരുക്കേറ്റു. 

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറും തീപ്പന്തം എറിയലും നടക്കുകയായിരുന്നു. സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ (ഒക്ടോബര്‍1 ) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു.

യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി മാർച്ച് പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴാണ് അക്രമസംഭവങ്ങളുടെ തുടക്കം. ഹോസ്റ്റലിനുള്ളിൽ നിന്ന് കല്ലും കുപ്പികളും എറിഞ്ഞതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തങ്ങൾ തിരിച്ചെറിയുകയായിരുന്നു. 

പൊലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും കല്ലേറുണ്ടായതോടെ പൊലീസ് ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ച് ലാത്തിവീശുകയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും മെഡിക്കൽ കോളേജ് പരിസരത്തും യൂത്ത് കോൺഗ്രസുകാർ വീണ്ടും ആക്രമിച്ചതായി എസ്.എഫ്.ഐ ആരോപിച്ചു.

സംഭവമറിഞ്ഞ് മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹോസ്റ്റൽ പരിസരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി യൂത്ത് കോൺഗ്രസും പൊലീസും നടത്തിയത് ഏകപക്ഷീയമായ കാടത്തമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പരുക്കേറ്റവരെ ആശുപത്രിയിലാക്കാൻ പോലും യൂത്ത് കോൺഗ്രസുകാർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിനാശകരമായ കളി അവസാനിപ്പിച്ചില്ലെങ്കിൽ നാട്ടിലുടനീളം കടുത്ത പ്രതിഷേധം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥലത്ത് എ.ഡി.ജി.പി പി. വിജയന്റെ നേത്യത്വത്തില്‍ വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

University hostel clash in Thiruvananthapuram saw significant violence during a Youth Congress torch march. Police intervention and subsequent actions led to injuries among SFI members and police personnel, escalating the political tensions in the region.