medical-shortage-hospital

കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രമുഖ സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ ലഭിക്കാതെ രോഗികൾ കടുത്ത ദുരിതത്തിൽ. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് ആശുപത്രികളിൽ വലിയ ക്ഷാമം നേരിടുന്നത്. ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്നുകളിൽ ഭൂരിഭാഗവും സർക്കാർ ഫാർമസികളിലോ നീതി മെഡിക്കൽ സ്റ്റോറുകളിലോ ലഭ്യമല്ലാത്തതിനെ തുടർന്ന് സ്വകാര്യ ഫാർമസികളിൽ നിന്ന് ഉയർന്ന വില കൊടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ.  

വർഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സ തേടുന്ന നന്മണ്ട സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ നിർദേശിച്ച ഒമ്പത് മരുന്നുകളിൽ ആകെ മൂന്നെണ്ണം മാത്രമാണ് സൗജന്യമായി ലഭിച്ചത്. ദിവസേന ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം സാധാരണക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകളിൽ വരെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ഫാർമസികളിൽ നിന്ന് നൽകുന്നത്. വൻതുക നൽകി പുറത്തുനിന്ന് മരുന്നുകൾ വാങ്ങുന്നത് തങ്ങളുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതായി രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നു. 

 എന്നാൽ, പ്രാദേശികമായി മരുന്നുകൾ വാങ്ങാൻ ലോക്കൽ പർച്ചേസ് അനുമതി നൽകിയിട്ടുണ്ടെന്നും ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം. പക്ഷേ, ഈ നടപടികളൊന്നും താലൂക്ക്, ജില്ലാ, മെഡിക്കൽ കോളജ് തലങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത മരുന്നുക്ഷാമത്തിന് പരിഹാരമായിട്ടില്ലെന്ന് ആശുപത്രിയിൽ നിന്നിറങ്ങുന്ന ഓരോ രോഗിയുടെയും സാക്ഷ്യപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. മരുന്നുകളുടെ വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം ശക്തമാകുന്നത്. 

 

ENGLISH SUMMARY:

Patients visiting major government healthcare facilities in Kozhikode, including Kozhikode Medical College and Beach Hospital, are facing severe distress due to an acute shortage of essential medicines. Common people and chronic illness patients are the worst affected as critical drugs for heart conditions, hypertension, and diabetes remain out of stock. Despite health department officials claiming that local purchases were authorized to restock hospital pharmacies, ground reality shows patients receiving only a fraction of their prescribed prescriptions.