aswanth-kok-in-police-custody-new
  • കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍. കോഴിക്കോട് നടക്കാവ് പൊലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയില്‍ ഇയാള്‍ ഓടിച്ച വാഹനം എരഞ്ഞിപ്പാലത്ത് വച്ച് നാലുപേരെ ഇടിച്ചതിനെ തുടര്‍ന്നാണ് നടപടി. അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ചതായി നാട്ടുകാര്‍ പറയുന്നു.

ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. അമിത വേഗതയിലായിരുന്നു അശ്വന്ത് കോക്കെന്നും മറ്റുവാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയ പ്രതിയെ ട്രാഫിക് പൊലീസിന്‍റെ സഹായത്തോടെയാണ് പിടിച്ചതെന്നും പരാതിക്കാർ പറഞ്ഞു. പൊലീസെത്തി വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്.

അറസ്റ്റിന് ശേഷം അശ്വന്ത് മാധ്യമങ്ങളോടും വ്യക്തമായി പ്രതികരിക്കാന്‍ തയാറായില്ല. എല്ലാ ചോദ്യങ്ങൾക്കും ‘ദാറ്റ്സ് കേരള പൊലീസ്’ എന്നായിരുന്നു മറുപടി. അശ്വന്ത് മദ്യപിച്ചതായി വൈദ്യ പരിശോധന ഫലത്തിലും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അപകടത്തില്‍പ്പെട്ട മൂന്ന് വാഹനങ്ങളുടെ ഉടമകൾ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർ നിയമനടപടികളിലേക്ക് കടന്നു.

സമൂഹമാധ്യമങ്ങളിൽ ചലച്ചിത്ര റിവ്യൂ നടത്തിയാണ് അശ്വന്ത് കോക്ക് ശ്രദ്ധേയനായത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ്.

ENGLISH SUMMARY:

YouTuber Aswanth Kok was taken into custody by the Kozhikode Eranhipalam police for drunk driving and driving dangerously. The police initiated action after the vehicle he was driving under the influence of alcohol struck four people at Eranhipalam.