കേരള പൊലീസില്‍ പെണ്‍കരുത്ത് കൂട്ടാന്‍ ശുപാര്‍ശ. ഇനിയുള്ള പത്ത് ഒഴിവുകളില്‍ മൂന്നെണ്ണം വനിതകള്‍ക്ക് മാറ്റിവെക്കാനാണ് ശുപാര്‍ശ. വനിത പൊലീസിന്‍റെ എണ്ണം 33 ശതമാനമാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഡി.ജി.പിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം ഉടന്‍ അംഗീകരിച്ചേക്കും.
പൊലീസെന്നാല്‍ പുരുഷനെന്നാണ് കാക്കി കണ്ട് തുടങ്ങിയ കാലം മുതലുള്ള ചിന്ത. സമീപകാലത്തായി കാക്കിപ്പടയിലേക്കെത്തുന്ന പെണ്‍കരുത്തിന്‍റെയെണ്ണം കൂടിയിട്ടുണ്ടെങ്കിലും ആകെയുള്ള എണ്ണത്തില്‍ 9 ശതമാനത്തില്‍ താഴെയാണ് കേരള പൊലീസിലെ വനിതകള്‍. വനിതകളുടെയെണ്ണം 15 ശതമാനമാക്കി ഉയര്‍ത്തുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയമാറ്റമൊന്നുമുണ്ടായില്ല.
അതിനിടെയിലാണ് വന്‍മാറ്റത്തിന് വഴിവെച്ചേക്കാവുന്ന ശുപാര്‍ശ പൊലീസിന്‍റെ തലപ്പത്ത് നിന്ന് തന്നെ ഉയരുന്നത്. നിലവില്‍ പൊലീസിലെ വനിതകളില്‍ ഏറ്റവും സീനിയറും അഡ്മിനിസ്ട്രേഷന്‍റെ ചുമതലയുമുള്ള ഐ.ജി ഹര്‍ഷിത അട്ടല്ലൂരി തയാറാക്കിയ ശുപാര്‍ശ ഡി.ജി.പി റവാഡാ ചന്ദ്രശേഖര്‍ സര്‍ക്കാരിന് കൈമാറി.
പൊലീസിലെ ഏറ്റവും ആദ്യതട്ടിലുള്ള നിയമനം സിവില്‍ പൊലീസ് ഓഫീസറാണ്. നിലവില്‍ 9: 1എന്നതാണ് നിയമന രീതി. അതായത് പത്ത് ഒഴിവുണ്ടായാല്‍ 9 എണ്ണം പുരുഷന്മാര്‍ക്കും ഒരെണ്ണം മാത്രം വനിതയും. ഇത് മാറ്റി 7: 3 എന്നാക്കാനാണ് ശുപാര്‍ശ. പത്ത് ഒഴിവില്‍ എഴെണ്ണം പുരുഷന്‍മാര്‍ക്ക് നല്‍കുമ്പോള്‍ മൂന്നെണ്ണത്തില്‍ വനിതകളെ നിയമിക്കും.
ഇത് നടപ്പാക്കുന്നതോടെ ഘട്ടം ഘട്ടമായി വനിതകളുടെയെണ്ണം ഉയര്‍ത്താമെന്നും 33 ശതമാനമെന്ന ലക്ഷ്യത്തിലേക്കെത്താമെന്നുമാണ് ശുപാര്‍ശയിലുള്ളത്. എസ്.ഐ റാങ്കിലേക്കുള്ള പരീക്ഷയില്‍ പുരുഷനും വനിതയ്ക്കും ഒരുപോലെ അപേക്ഷിക്കാമെന്നതിനാല്‍ അതില്‍ മാറ്റം വേണ്ടെന്നും പറയുന്നു. പൊലീസിലെ നൂറ് ദിന കര്‍മപദ്ധതിയുടെ ഭാഗമായി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും.