പുതിയ ഗാർഹിക എൽപിജി കണക്ഷനുകൾ അനിശ്ചിതമായി മുടങ്ങിയതോടെ സാധാരണക്കാർക്ക് ഇരുട്ടടി. പാചകത്തിന് ഗാർഹിക ഉപഭോക്താക്കൾ ആശ്രയിക്കുന്നത് വാണിജ്യ നിരക്കിലുള്ള ചെറിയ സിലിണ്ടറുകളെയാണ്. സിലിണ്ടറിനും റെഗുലേറ്ററിനും ഭീമമായ ഒറ്റത്തവണ ഫീസ് നൽകേണ്ടതിന് പുറമെ, ഉയർന്ന വാണിജ്യ നിരക്കിൽ റീഫിൽ ചെയ്യേണ്ട ഗതികേടിലാണ് അത്യാവശ്യക്കാർ.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്ത് പുതിയ എൽപിജി കണക്ഷനുകൾ നൽകുന്നത് നിർത്തിവെച്ചത്. ഇതോടെയാണ് പുതിയ കണക്ഷന് കാത്തുനിൽക്കാതെ അത്യാവശ്യക്കാർ ചെറിയ കമേഴ്സ്യൽ സിലിണ്ടറുകൾ വാങ്ങിയത്.
മാസങ്ങൾ പിന്നിട്ടിട്ടും വാണിജ്യ കണക്ഷനുകൾ പുനഃസ്ഥാപിച്ച എണ്ണക്കമ്പനികൾ ഗാർഹിക കണക്ഷനുകളുടെ കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. റീഫില്ലിങ് നിരക്കിനൊപ്പം ആദ്യ കണക്ഷൻ എടുക്കാനുള്ള ചെലവും താങ്ങാനാവുന്നതല്ല. എന്നാൽ നിലവിലുള്ള ഗാർഹിക കണക്ഷനുകളിൽ ഭീമമായ നഷ്ടം സഹിച്ചാണ് ഗ്യാസ് നൽകുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
10 കിലോയുടെ സിലിണ്ടറിനും റെഗുലേറ്ററിനുമായി ഒറ്റത്തവണയായി നൽകേണ്ടത് 5,500 രൂപയാണ്. കണക്ഷൻ പിന്നീട് വേണ്ടെന്നുവെച്ചാൽ ഈ തുക തിരികെ ലഭിക്കില്ലെന്നതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്. പുതിയ ഗാർഹിക കണക്ഷനുകൾ നൽകാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ സാധാരണക്കാരുടെ കീശ ചോരുന്നത് തുടരും.