വഖഫ് ബോർഡ് പിരിച്ചുവിടുന്നതിനുള്ള നിയമസാധ്യതകൾ പരിശോധിച്ച് സർക്കാർ. ചെയർമാൻ കെ.എസ്. ഹംസ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ, ബോർഡിന്റെ പുനഃസംഘടന ആവശ്യമുണ്ടെങ്കിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാലര വർഷത്തെ കാലാവധി ബാക്കിയുള്ള കെ.എസ്. ഹംസ അധ്യക്ഷനായ നിലവിലെ ബോർഡ് പിരിച്ചുവിടാനുള്ള സർക്കാർ നീക്കം. Also Read: 'പൈസ അളവില്‍ കൂടുതലായി, ഇന്‍കം ടാക്സ് ചോദ്യം ചെയ്തു'; യൂട്യുബ് വരുമാനത്തെ പറ്റി ഫിറോസ് ചുട്ടിപ്പാറ
ബോർഡിലെ പല അംഗങ്ങൾക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബോർഡിന് സ്വമേധയാ തീരുമാനമെടുക്കാനാകില്ലെന്നതടക്കമുള്ള വിഷയങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ട്.
പുനഃസംഘടനയുടെ ഭാഗമായി മുസ്‌ലിം ഇതര വിഭാഗങ്ങളിൽനിന്നുള്ള രണ്ടുപേരെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ ശുപാർശ പരിഗണിക്കാതിരിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. വഖഫ് ബോർഡ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വിഷയം അടുത്ത മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
അതേസമയം, വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഹൈക്കോടതി നിരീക്ഷണമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കോടതികളിലുള്ള കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിന് പുറമെ മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.