കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ  കരിങ്കൊടി പ്രതിഷേധവുമായി  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.  ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് സുരക്ഷാ വീഴ്ചയെന്നാണ് ആരോപണം . പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  നല്‍കിയിരുന്നു.

 

കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളിൽ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലയിലെത്തിയത്. ആഭ്യന്തര മന്ത്രിയുടെ സന്ദർശനം മുന്നിൽ കണ്ട് പൊലീസ് കനത്ത സുരക്ഷ ഒരുക്കി. പക്ഷേ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മാത്രം ഗൗനിച്ചില്ല. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി പുറത്തു കടക്കുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി കയറിയത്.

 

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് പിടിച്ചെടുത്ത പണം ഗുണഭോക്താക്കൾക്ക് തിരികെ നൽകാൻ ആഭ്യന്തരമന്ത്രി മുൻകൈയെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

 

സഹകരണ മേഖലയിൽ സ്ത്രീകൾക്ക് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനാകുമെന്നും കേരളത്തിന് പിന്തുണ നൽകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാന സഹകരണ മന്ത്രിയെ അമിത്ഷാ ഡൽഹിയിലേക്ക് ക്ഷണിച്ചു.  വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തിയ അമിത് ഷാ മാതാ അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസകൾ നേർന്നു. 

ENGLISH SUMMARY:

Amit Shah's visit to Kollam was met with a black flag protest by Youth Congress activists who allege a security breach. This incident occurred despite intelligence reports warning of potential protests during the Union Minister's visit to attend programs in Kundara and at the Amritanandamayi Math.