ഇന്ത്യയിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ തൃശൂരിന് അഭിമാന നേട്ടം. ആദ്യ പത്തു നഗരങ്ങളില്‍ തൃശൂര്‍ ഉള്‍പ്പെട്ടു. തൃശൂരിലെ സമ്പന്നരുടെ സ്വത്ത് 1.72 ലക്ഷം കോടി രൂപയാണ്.
ഈ വര്‍ഷത്തെ എം ത്രീ എം ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം രാജ്യത്തെ സമ്പന്ന നഗരങ്ങളില്‍ പത്താം സ്ഥാനത്ത് എത്തി തൃശൂര്‍. ഇന്ത്യയിലെ സമ്പന്ന നഗരങ്ങളില്‍ തൃശൂരിന്‍റെ സുവര്‍ണ കുതിപ്പാണിത്. തൃശൂരിലെ സമ്പന്നരുടെ സ്വത്ത് ആകട്ടെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏകനഗരം തൃശൂരാണ്. കൊച്ചിയടക്കമുള്ള വന്‍നഗരങ്ങളെയും പിന്നിലാക്കിയാണ് തൃശൂരിന്‍റെ നേട്ടം. ജോയ് ആലുക്കാസ് ആണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി. ദേശീയ പട്ടികയിൽ 21-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ സമ്പത്ത് 1,02,200 കോടി രൂപ. കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമനും കുടുംബവും 40,900 കോടി രൂപ സമ്പത്തോടെ ദേശീയ പട്ടികയിൽ 64-ാം സ്ഥാനത്താണ്. മണപ്പുറം ഫിനാൻസിന്റെ വി.പി. നന്ദകുമാറിന് 15,900 കോടി രൂപയും, ജോസ് ആലുക്കാസിനും കുടുംബത്തിനും 14,000 കോടി രൂപയുമാണ് പട്ടികയിൽ രേഖപ്പെടുത്തിയ സമ്പത്ത്. ഇവരെല്ലാം തൃശൂരിന്‍റെ ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങളാണ്.
തൃശൂരിന്‍റെ സമ്പത്തിന്റെ പ്രധാന കരുത്ത് സ്വർണം, ആഭരണം, റീട്ടെയിൽ മേഖലകളിലെ കുടുംബ സംരംഭങ്ങളാണ്. ഒറ്റ ഷോറൂമുകളിൽനിന്ന് ആഗോള ബ്രാൻഡുകളായി വളര്‍ന്ന പാരമ്പര്യമാണ് ഇവരുടെ ബിസിനസ് സംരംഭങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2026-ലും കൊച്ചിയടക്കമുള്ള ഇന്ത്യൻ നഗരങ്ങളെ പിന്നിലാക്കി തൃശൂർ ആദ്യ 1,000 നഗരങ്ങളിൽ ഇടം നേടിയിരുന്നു