ദത്തെടുക്കുന്ന പെൺ നായ്ക്കുട്ടികളിലെ പ്രത്യുൽപാദനം വൈകിപ്പിക്കാൻ ഹോർമോൺ ഇംപ്ലാന്റ് പദ്ധതിയ്ക്ക് തൃശൂരിൽ തുടക്കമായി. കൊക്കാല വെറ്ററിനറി ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 20 നാടൻ പെൺ നായ്ക്കുട്ടികളിലാണ് ആദ്യ ഘട്ടത്തിൽ ഇംപ്ലാന്റുകൾ ഘടിപ്പിച്ചത്.
തെരുവുനായ്ക്കളുടെ ജനനനിയന്ത്രണവും ദത്തെടുക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി, ദത്തെടുക്കുന്ന പെൺ നായ്ക്കുട്ടികളിൽ 'ഡെസ്‌ലോറെലിൻ' ഹോർമോൺ ഇംപ്ലാന്റുകൾ ഘടിപ്പിക്കുന്ന നൂതന പൈലറ്റ് പദ്ധതിക്കാണ് തുടക്കമായത്. ഈ ഇംപ്ലാന്റുകൾക്ക് ചെലവേറും. 9.4 മില്ലിഗ്രാം ഇംപ്ലാന്റിന് ഏകദേശം 13,000 രൂപയും, പകുതി ഡോസായ 4.7 മില്ലിഗ്രാമിന് 6,500 രൂപയോളവും ചെലവ് വരും.
ചർമ്മത്തിനടിയിൽ നിക്ഷേപിക്കുന്ന ചെറിയൊരു ഇംപ്ലാന്റിലൂടെ വളരെ ചെറിയ അളവിൽ മരുന്ന് തുടർച്ചയായി ശരീരത്തിലേക്ക് പുറത്തുവിടപ്പെടുകയും, ഇത് തലച്ചോറിൽ നിന്നുള്ള പ്രത്യുൽപാദന ഹോർമോണുകളെ താൽക്കാലികമായി നിർജ്ജീവമാക്കുകയും ചെയ്യുന്നു. കൂടാതെ, നാല് മാസത്തിന് മുകളിൽ പ്രായമുള്ള ആൺ നായ്ക്കുട്ടികളിൽ ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ രണ്ടര വർഷത്തോളം അവയുടെ പ്രത്യുൽപാദന ശേഷി പൂർണ്ണമായും തടഞ്ഞുനിർത്താൻ സാധിക്കും.ഈ ഇംപ്ലാന്റുകൾ നായ്ക്കളുടെ സ്വാഭാവിക വളർച്ചയെയോ ശരീരഭാരത്തെയോ ബാധിക്കുകയുമില്ല.