shimin-para-archory

വീഴ്ചയിൽ തളരാതെ വീൽച്ചെയറിനെ കരുത്താക്കി അമ്പും വില്ലും കൈയ്യിലെടുത്ത ഒരു  34 കാരൻ, തൃശൂർ  കൂർക്കഞ്ചേരി സ്വദേശി ഷിമിൻ.  പാരാ ആർച്ചറിയിൽ ദേശീയ ചാമ്പ്യൻഷിപ്പിനൊരുങ്ങുകയാണ്  ഈ കായികതാരം. സ്വപ്നത്തിലേക്ക് അമ്പെയ്യാൻ ഷിമിനു മുന്നിൽ ഒരുപാട് തടസങ്ങളുണ്ട്. എന്നാൽ, അതിനപ്പുറമൊരു  ലക്ഷ്യമുണ്ട്, അതിലുപരി ഒരു മനസുണ്ട്. 

ലക്ഷ്യത്തിലേക്ക് അമ്പ് പായുമ്പോൾ ഷിമിന്റെ കണ്ണിലുള്ളത് ആ ചെറിയ വൃത്തമല്ല, തന്റെ വലിയ  സ്വപ്നമാണ്. കഴിഞ്ഞ രണ്ട് വർഷമായി തൃശൂരിലെ  ഒളിമ്പിക് ആർച്ചറി അക്കാദമിയിൽ പരിശീലനം നേടുന്നുണ്ട്. ആദ്യം ദേശീയ പാരാ ആർച്ചറി വേദി, പിന്നെ ഏഷ്യൻ പാരാഗെയിംസ്, അതിനപ്പുറം പാരാലിമ്പിക്സ്... അങ്ങനെ സ്വപ്നങ്ങൾ വലുതാണ്.

2022-ൽ വീട്ടിലെ മരത്തിൽനിന്നുണ്ടായ വീഴ്ച്ചയിൽ അരയ്ക്കു താഴേക്ക് തളർന്നു. കാലുകൾ തളർന്നപ്പോഴും സ്വപ്നങ്ങളിലേക്കുള്ള മനസിന്‍റെ ബലം നഷ്ടമായില്ല. സംസ്ഥാന വീൽചെയർ ബാസ്കറ്റ്ബോൾ ടീമിലും റഗ്ബി ടീമിലും ഇടം നേടി. ഈ യാത്രയിൽ സൗജന്യ പരിശീലനം നൽകിക്കൊണ്ട് ഷിമിന് കരുത്തായി ഒളിമ്പിക് ആർച്ചറി അക്കാദമി ചീഫ് കോച്ച് ഭാഗ്യനാഥുമുണ്ട്. 

ഭിന്നശേഷി പെൻഷൻ 2000 രൂപ മാത്രമാണ് ഷിമിന്റെ വരുമാനം. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ  മുന്നിലുള്ള ഏറ്റവും വലിയ തടസവും  സാമ്പത്തിക പരിമിതി തന്നെ. മത്സരത്തിന് ആവശ്യമായ കോമ്പൗണ്ട് ബോ എന്ന വില്ല് സ്വന്തമാക്കാൻ ഏകദേശം രണ്ട് ലക്ഷം രൂപ വേണം. ഇതിനായി ഒരു  സ്പോൺസറുടെ സഹായം കാത്തിരിക്കുകയാണ് ഷിമിൻ.

ENGLISH SUMMARY:

Para archery champion Shimin, a 34-year-old from Thrissur, is preparing for the national championship with unwavering determination. Despite facing financial challenges and the limitations of his wheelchair, Shimin's dreams of representing India at the Paralympics are strong.