ഒന്നാം സമ്മാനം കൈവിട്ടെങ്കിലും ഭാഗ്യത്തിളക്കത്തിൽ തന്നെയാണ് തിരുവനന്തപുരത്തെ ഭഗവതി ലോട്ടറി ഏജൻസി. ഇവിടെനിന്ന് വിറ്റ മൂന്ന് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഇതിന് പുറമേ ഒരു മൂന്നാം സമ്മാനവും ഏജൻസി വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. വീണ്ടും ഭാഗ്യം തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും സമ്മാനാർഹരായവരെ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഏജൻസി ജീവനക്കാർ പറഞ്ഞു.
2022-ൽ തിരുവനന്തപുരം സ്വദേശിയായ അനൂപിന് 25 കോടിയുടെ ഓണം ബംപർ ലഭിച്ചതും ഇതേ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിലൂടെയായിരുന്നു. ഇത്തവണ ഒന്നാം സമ്മാനം കൈവിട്ടുപോയതിൽ ചെറിയ വിഷമമുണ്ടെങ്കിലും മൂന്ന് രണ്ടാം സമ്മാനങ്ങളും ഒരു മൂന്നാം സമ്മാനവും ഏജൻസിയെ തേടിയെത്തിയത് ഏജന്റുമാരെയും ജീവനക്കാരെയും വലിയ ആവേശത്തിലാക്കി. ഏജൻസി ഓഫീസിന് മുന്നിൽ മധുരവിതരണവും ആഘോഷപരിപാടികളും സംഘടിപ്പിച്ചു.
30 കോടി രൂപയുടെ തിരുവോണം ബംപർ അടിച്ചത് കണ്ണൂർ തളിപ്പറമ്പിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ്. തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിലെ പി.വി. വൽസരാജാണ് ടിക്കറ്റ് വിറ്റത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കടയിൽനിന്നാണ് ബംപർ ജേതാവ് ടിക്കറ്റ് വാങ്ങിയത്. തമ്പുരാൻ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത് ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ സുജിത്താണ്. ചക്കരക്കൽ മുത്തു ഏജൻസിയാണ് ഹോൾസെയിൽ ഏജന്റ്. ഇതിന് മുൻപും മുത്തു ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിന് ക്രിസ്മസ് ബംപർ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
ഇക്കുറി അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. ഒന്നാം സമ്മാനം 25 കോടിയിൽനിന്ന് 30 കോടിയായി ഉയർത്തിയതോടെ ലോട്ടറി വിൽപ്പനയിലും റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. രണ്ട് ലക്ഷം രൂപ വീതം 10 പേർക്കാണ് അഞ്ചാം സമ്മാനം. 5,000, 2,000, 1,000, 500 രൂപയുടെ ചെറുസമ്മാനങ്ങളും വേറെയുണ്ട്.
പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റുപോയത്. 20 ലക്ഷം ടിക്കറ്റുകൾ ജില്ലയിൽ മാത്രം വിറ്റുപോയെന്നാണ് കണക്ക്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുപോയതായി ലോട്ടറി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. 2025-ൽ 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിൽപ്പന.