ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.75 പവന്റെ സ്വർണ്ണക്കിരീടം കാണാതായി. യഥാർത്ഥ സ്വർണ്ണക്കിരീടം മാറ്റി പകരം മുക്കുപണ്ടം കൊണ്ടുള്ള വ്യാജ കിരീടമാണ് നിലവിൽ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ തിരുവാഭരണങ്ങളുടെ തിട്ടപ്പെടുത്തലും കണക്കെടുപ്പും പുരോഗമിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന തിരിമറി പുറത്തുവന്നത്. സന്നിധാനത്തിന് പുറമെ ആറൻമുള ദേവസ്വം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ സ്വർണ്ണമാലയും കാണാതായിട്ടുണ്ട്.
2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ ശബരിമല നടയിൽ സമർപ്പിച്ച വിലപിടിപ്പുള്ള സ്വർണ്ണക്കിരീടമാണ് കവർച്ച ചെയ്യപ്പെട്ടത്. സന്നിധാനത്ത് നിന്ന് ആറൻമുളയിലെ പ്രധാന സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടിയിരുന്ന ഈ കിരീടം സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണങ്ങളില്ലാത്ത സ്ഥലത്തായിരുന്നു സൂക്ഷിച്ചിരുന്നത്.
നിലവിൽ സ്ട്രോങ് റൂമിലുള്ളത് യഥാർത്ഥ കിരീടമല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. കട്ടിളയിലെ സ്വർണ്ണം കാണാതായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കിരീടവും വ്യാജനാക്കി മാറ്റിയ വിവരങ്ങൾ പുറത്തുവരുന്നത്. കണക്കെടുപ്പിന്റെ ആദ്യഘട്ട റിപ്പോർട്ട് അടുത്ത മാസം ആദ്യവാരം അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിക്കും.
സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി റിപ്പോർട്ട് ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. കിരീടം സൂക്ഷിച്ചിരുന്ന കാലയളവിൽ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.