• മെസിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ നിലവിൽ നീക്കമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിനെ നിലവിൽ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ആന്റോ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

നിലവിൽ ആന്റോയ്ക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും, അതിനാൽ മുൻകൂർ ജാമ്യാപേക്ഷയുടെ ആവശ്യമില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. അതേസമയം, പരിശോധനയിൽ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന ആന്റോയുടെ ആവശ്യം പൊലീസ് തള്ളി.

റിപ്പോർട്ടർ ടിവി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ആറായിരത്തി മുന്നൂറ് (6,300) ഡോളർ പൊലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഡോളർ തിരികെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ ഹർജി നൽകിയിരുന്നു. 

എന്നാൽ ഈ തുക വിട്ടുനൽകാനാവില്ലെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ പരിശോധന ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന വിദേശ കറൻസിയുടെ നിർദ്ദിഷ്ട പരിധിക്കും അപ്പുറത്തുള്ള തുക കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ ഈ കടുത്ത നിലപാട്.

സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായനികുതി വകുപ്പ് എന്നിവയ്ക്ക് പൊലീസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഡോളറിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര ഏജൻസികളുമായും അന്വേഷണസംഘം ഏകോപനം നടത്തും.

ENGLISH SUMMARY:

The Kerala Police informed the High Court that there is currently no move to arrest Anto Augustine in connection with the alleged financial fraud using football star Lionel Messi's name. This statement was included in a formal report submitted during the hearing of Anto Augustine's anticipatory bail plea.