ശബരിമല ടെൻഡർ നടപടികളിൽ ഗുരുതര വീഴ്ചയും കാലതാമസവുമെന്ന് ദേവസ്വം വകുപ്പിന്‍റെ രേഖകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് മാസങ്ങൾ വൈകിയാണ് ടെൻഡർ നടപടികൾ തുടങ്ങിയത്. ശബരിമല, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകൾ, ഹോട്ടൽ എന്നിവയില്‍ ഇതുവരെ ലേലം വിളിക്കാനായിട്ടില്ല. ഏലയ്ക്ക, നെയ്യ് എന്നിവയ്ക്കുള്ള ടെൻഡറും വിളിച്ചിട്ടില്ല. അരവണ ക്ഷാമത്തെക്കുറിച്ച് ചർച്ച ഉയരുമ്പോൾ മണ്ഡലകാലത്തെ കരുതൽ ശേഖരത്തിനായി അരവണ നിറയ്ക്കാനുള്ള ടിന്നുകൾ ആര് വിതരണം ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.
ഉണ്ണിയപ്പം, മോദക നിർമാണം എന്നിവയ്ക്കുള്ള ടെൻഡറും ആരംഭിച്ചിട്ടില്ല. ടെൻഡർ നടപടികളിലെ കാലതാമസം തെളിയിക്കുന്ന ദേവസ്വം ബോർഡിന്റെ രേഖയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് മുൻവർഷത്തെ രേഖകളിൽ നിന്നും വ്യക്തമാണ്. കോൺഗ്രസ് അനുകൂല ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രി വി.ഡി സതീശന് പരാതി നൽകിയിട്ടുണ്ട്.