ശബരിമല മണ്ഡലകാല തീര്‍ഥാടന മുന്നൊരുക്കങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കടുത്ത അലംഭാവമെന്ന് കാട്ടി ദേവസ്വം മന്ത്രി കെ.മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ ഒരുക്കങ്ങളില്‍ ഒട്ടും വേഗതയില്ല. കഴിഞ്ഞദിവസങ്ങളിലെ അരവണ ക്ഷാമം മാത്രമല്ല എല്ലാ മേഖലയിലും മെല്ലെപ്പോക്കാണെന്നും ഗുരുതര പരാതിക്ക് ഇടയാക്കുമെന്നും മന്ത്രി അറിയിക്കും.
എന്നാല്‍ തുടര്‍ച്ചയായുള്ള മന്ത്രിയുടെ വിമര്‍ശനങ്ങളെ അതേമട്ടില്‍ പ്രതിരോധിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലപാട്. അരവണ പ്ലാന്‍റിന്‍റെ നവീകരണവും കരുതല്‍ ശേഖരത്തിന്‍റെയും കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചിട്ടും ബോര്‍ഡിനെ കുറ്റപ്പെടുത്തിയത് കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നു.
പ്രഡിസന്‍റ് മൗനം പാലിക്കുന്നതാണ് മന്ത്രിയുടെയും ഓഫിസിന്‍റെയും കടന്നുകയറ്റം തുടര്‍ക്കഥയാക്കുന്നതെന്ന് ബോര്‍ഡിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. മന്ത്രിയുടെ വിമര്‍ശനങ്ങള്‍ പലതും ബോര്‍ഡിനെ ചാരി കൈയടി നേടാനുള്ള ചെപ്പടി വിദ്യയെന്നാണ് കഴിഞ്ഞദിവസത്തെ ഓണ്‍ലൈന്‍ യോഗത്തില്‍ ബോര്‍ഡ് അംഗം പറഞ്ഞത്. പ്രസിഡന്റ് മൗനം വെടിഞ്ഞ് മന്ത്രിക്ക് മറുപടി നല്‍കണം. മന്ത്രിയുടെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും അംഗങ്ങള്‍ പറയുന്നു.
വ്യാഴാഴ്ചത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം മന്ത്രിയുടെ വിമര്‍ശനത്തെയും കോടതി അനുവദിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും മണ്ഡലകാല തീര്‍ഥാടന നടത്തിപ്പിന് മറ്റൊരു സംഘത്തെ നിയോഗിക്കുമെന്ന മന്ത്രിയുടെ ആഹ്വാനവും പ്രത്യേകം ചര്‍ച്ച ചെയ്യും.