അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പ്രതിയായ മുട്ടില്‍ മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി ചോറ്റാനിക്കര കോടതിയിലെ വഞ്ചന കേസ് പ്രധാന കേസ് നടക്കുന്ന ബത്തേരിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. രണ്ടു കേസുകളും വ്യത്യസ്തമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്. മരംമുറിക്കേസിൽ വനംവകുപ്പ് ബത്തേരി കോടതിയിൽ ഒടുവിൽ കുറ്റപത്രം നല്‍കി.

മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്‍റെ സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടു കേസും പരസ്പരം ബന്ധമുള്ളതിനാല്‍ മരംമുറി കേസില്‍ കുറ്റംപത്രം നല്‍കുംവരെ വഞ്ചനാ കേസിന്‍റെ വിചാരണ നിർത്തിവെക്കണം എന്നായിരുന്നു വാദം. മരം മുറി കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടും കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത് വാദിച്ചു.

വനം വകുപ്പും പൊലീസും റജിസ്റ്റര്‍ ചെയ്ത രണ്ട് വ്യത്യസ്തമായ കേസുകളാണെന്നും പ്രതികള്‍ക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. പ്രതികള്‍ ലോകത്തിലെ വലിയ തട്ടിപ്പുകാരാണെങ്കിലും മരം മുറി കേസിലെ തീര്‍പ്പ് വഞ്ചനാ കേസിലും സ്വാധീനം ചെലുത്താമല്ലോ എന്നായിരുന്നു ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, കെ.വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്‍റെ മറുപടി. രണ്ടും കേസുകളും പ്രധാന കേസ് നടക്കുന്ന കോടതിയില്‍ ഒന്നിനുപുറകെ ഒന്നായി വിചാരണ നടത്താന്‍ ഉത്തരവിട്ട കോടതി ഹര്‍ജി തീര്‍പ്പാക്കി.

മുട്ടിലില്‍നിന്ന് മുറിച്ച് കടത്തിയ മരം, രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പടമുകളിലെ തടി വ്യാപരിക്ക് വിറ്റ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതിലാണ് വഞ്ചനാക്കേസ്. വഞ്ചനാ കേസിലെ വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മരംമുറിക്കേസിൽ വനംവകുപ്പ് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഈ മാസം 17–നാണ് കുറ്റപത്രം സമർപ്പിച്ചത്. അനധികൃതമായി ഈട്ടിത്തടികൾ മുറിച്ചുകടത്തിയെന്ന കേസിലാണ് കുറ്റപത്രം.

ENGLISH SUMMARY:

The Supreme Court has ordered that the trial for both the Muttil tree felling case and the associated cheating case against the Augustine brothers be conducted in the same court. A bench comprising Justice J.B. Pardiwala and Justice K. Vinod Chandran directed the transfer of the cheating case from the Chottanikkara court to the Sulthan Bathery court, where the primary tree-felling case is currently pending. The apex court rejected the Kerala government's opposition, which argued that the two cases were distinct and pointed out that the accused face a total of 37 cases. This ruling follows the recent filing of the final charge sheet by the Forest Department in the Sulthan Bathery Judicial First Class Magistrate Court regarding the illegal felling and smuggling of rosewood timber.