മുട്ടിൽ മരംമുറിക്കേസിൽ നിർണായക വഴിത്തിരിവ്. കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അനധികൃതമായി വനത്തിൽ നിന്ന് ഈട്ടിത്തടികൾ മുറിച്ചു കടത്തിയതിലാണ് വനംവകുപ്പ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
ഇതോടെ, ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ നീക്കത്തിന് തിരിച്ചടി. വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ടായിട്ടില്ലെന്ന പ്രതികളുടെ പ്രധാന വാദം പൊളിഞ്ഞു. വനംവകുപ്പിന്റെ കേസും വഞ്ചനാക്കേസും പരസ്പരം ബന്ധപ്പെട്ടതാണെന്നും, കുറ്റപത്രം വരുംവരെ നടപടികൾ സ്റ്റേ ചെയ്യണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ഈ മാസം 17-നാണ് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തത്.