വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ശാശ്വത പരിഹാരവുമായി ആണവ പ്ലാന്റ് നിര്‍മാണത്തിലേക്ക് ഉറ്റുനോക്കി സര്‍ക്കാര്‍. ആണവോര്‍ജ്ജ പ്ലാന്റും ചര്‍ച്ചയിലുണ്ടെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കി മുന്നോട്ടുള്ള നീങ്ങാനാണ് സര്‍ക്കാരിന്റെ ആലോചന. 

ആണവോര്‍ജ്ജത്തില്‍ തൊട്ടപ്പോഴെല്ലാം സര്‍ക്കാരുകള്‍ക്ക് പൊള്ളിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് മുന്‍പില്‍ പിന്തിരിഞ്ഞിട്ടുമുണ്ട്. വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ, ശാശ്വത പരിഹാരമെന്ന നിലയില്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കുകയാണ് സര്‍ക്കാര്‍. മുന്‍പ് പരിഗണിക്കപ്പെട്ട ചീമേനി ഉള്‍പ്പെടെ സ്ഥലപ്പേരുകള്‍ പറയുന്നില്ലെങ്കിലും അനുകൂലിക്കുന്നവരുമായും എതിര്‍ക്കുന്നവരുമായും വിഷയം ചര്‍ച്ച ചെയ്യുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 

സമവായം കണ്ടെത്താനായാല്‍ പ്ലാന്റ് സ്ഥാപിക്കാനാകുമെന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം, നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ആവശ്യപ്പെട്ടെങ്കിലും ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മഴ പെയ്യുന്നുണ്ടെങ്കിലും ഉഷ്ണത്തിന് കുറവില്ലാത്തതിനാല്‍ വൈദ്യുതി ഉപഭോഗം കുറയില്ലെന്നാണ് വിലയിരുത്തല്‍. 

കേരളത്തില്‍ ആദ്യമായി ആണവ പ്ലാന്റ് നിര്‍മാണം പരിഗണിച്ചത് 1970ല്‍ ഭൂതത്താന്‍കെട്ടിലാണ്. തുടര്‍ന്ന് കാസര്‍കോട്ടെ പെരിങ്ങോത്തും ഒടുവില്‍ ചീമേനിയിലും ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. 

ENGLISH SUMMARY:

The Kerala government is considering nuclear power plants as a permanent solution to the severe electricity crisis. This move comes as the state faces challenges in securing additional power and a persistent high demand due to the ongoing heat.