സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ല എന്നുകേട്ടാല്‍ നല്ലകാര്യമല്ലേ? രാത്രി ഇരുട്ടിലാവില്ലല്ലോ. പ്രതിസന്ധിയാണല്ലോ പ്രശ്നവും വിവാദവും. പ്രതിസന്ധിയില്ലാത്തതില് എന്താണ് വിവാദം എന്നാണ് പൊതുവേ തോന്നേണ്ടതെങ്കിലും കാര്യങ്ങള്‍ മറിച്ചായ വിചിത്ര സാഹചര്യമാണ് നമ്മുടെ നാട്ടില്‍. നവംബറില്‍ ലോഡ് ഷെഡിങ് വേണ്ടിവരും എന്ന അവസ്ഥയില്‍നിന്ന് ഈ വര്‍ഷമേ പ്രതിസന്ധിയില്ല എന്നതിലേക്ക് കാര്യങ്ങള്‍ വന്നത് ഏതൊരു മനുഷ്യനും ആശ്വാസവാര്‍ത്തയാണ്. പക്ഷെ പ്രശ്നമതല്ല. പിന്നെങ്ങനെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് നമ്മള് കേട്ടു. വൈദ്യുതി കിട്ടാനില്ല എന്ന് നമ്മള് കേട്ടു? അതെങ്ങനെ പൊടുന്നനെ വൈദ്യുതി പ്രതിസന്ധിയില്ല എന്നായി? വൈദ്യുതി എളുപ്പത്തില്‍ കിട്ടാനുണ്ട് എന്നും എങ്ങനെയായി? ഇതിലൊരു കൃത്യതയും വ്യക്തതയും നമുക്ക് വേണ്ടേ? വേണം. അതെങ്ങനെയുണ്ടാകും? എല്ലാ രേഖകളും പുറത്തുവിടൂ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്നാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷം പറയുന്നത്? മുഖ്യമന്ത്രി അത് കേള്‍ക്കുമോ? കേള്‍ക്കണ്ടേ? രേഖകള്‍ പുറത്തുവന്നാല്‍ സത്യവും പുറത്തുവരും? ഏതൊക്കെ സത്യം? ഹിമാചല്‍ കരാറായിരുന്നു കേരളത്തിന് അഭികാമ്യമെന്ന് പ്രതിപക്ഷ നിലപാടിലെ സത്യം. പ്രതിപക്ഷം മാത്രമല്ലല്ലോ യുഡിഎഫ് സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയും ആ നിലപാടിലായിരുന്നു എന്നാണല്ലോ പിന്നെ പുറത്തുവന്നത്. വൈദ്യുതി പ്രതിസന്ധിയില്ലെന്ന കാര്യവും ജിഎന്‍എ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങേണ്ട എന്ന കാര്യവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വകുപ്പ് മന്ത്രിയുടെ പരസ്യപ്രതികരണത്തിലൂടെ ഒന്നുറപ്പായല്ലോ. ഇത് കേവലം പ്രതിപക്ഷത്തിന്റെ പ്രശ്നമല്ല. എല്‍ഡിഎഫ് നിയമിച്ച കെഎസ്ഇബി ചെയര്മാന് എംജി രാജമാണിക്യം നിര്ദേശിച്ചതെന്താണ്? അതിലെന്തെങ്കിലും പ്രത്യേകതാല്പര്യമുണ്ടായിരുന്നോ? ജിഎന്‍എ കരാറാണ് നല്ലതെന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് എന്തുകൊണ്ടാണ്? ആ കരാറിപ്പോള് വേണ്ടെന്ന് തീരുമാനിച്ചതെന്താണ്? ചോദ്യങ്ങള്‍ സോളിഡാണ്. ഉറപ്പുള്ള ഉത്തരങ്ങള്‍ വേണ്ടേ?