• കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ ലഭിക്കും. 40 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 8 പേർ മരിച്ചു. നാളെ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്രന്യൂനമർദം ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

മലപ്പുറത്തെ ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് റവന്യുമന്ത്രി. എടരിക്കോട് സ്വദേശി അനസ് യാസീൻ, തിരൂർ പടന്നപറമ്പൻ മുഹമ്മദ് കുട്ടി എന്നിവരാണ് മരിച്ച രണ്ടുപേർ. ടി.കെ.കോളനി സ്വദേശി സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുന്നതായി മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.

 

കോട്ടയത്ത് അതിശക്തമായ മഴയ്ക്ക് ശമനമുണ്ട്. ഇടവിട്ട് ചിലയിടങ്ങളിൽ മഴ പെയ്യുന്നു. കിഴക്കൻ മേഖലയിൽ രാത്രി മഴ കുറഞ്ഞതിനാൽ മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നു. പാലാ–ഈരാറ്റുപേട്ട റോഡിൽ ഗതാഗതതടസ്സമില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം വാഗമൺ, തീക്കോയി മലനിരകളിൽ പെയ്ത ശക്തമായ മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. വാഗമൺ സന്ദർശിച്ച ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ചെന്നൈ സ്വദേശിനി സംഗീതയാണ് മരിച്ച ഒരാൾ. 

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളത്തായിരുന്നു രണ്ടാമത്തെ അപകടം. ഉറവപ്ലാവിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലക്കാട്ട് വീട്ടിൽ ജോസഫ് (80) ആണ് മരിച്ചത്. തീക്കോയി പഞ്ചായത്തിലെ മംഗളഗിരി എരിയാറ്റുപാറയിലും മണ്ണിടിഞ്ഞ് രണ്ടു വീടുകൾ തകർന്നു.

ഇടുക്കിയിൽ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത മുന്നിൽക്കണ്ട് അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി–ധനുഷ്കോടി പാതയിൽ പലയിടത്തും മരം വീണു. നേര്യമംഗലം–വാളറ റോഡിൽ ജാഗ്രതാ നിർദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്നാർ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു.

ENGLISH SUMMARY:

The India Meteorological Department has issued an orange alert for six districts in Kerala, warning of isolated extremely heavy rainfall driven by a developing deep depression over the Bay of Bengal. Continuous downpours and landslides have already claimed six lives across the state, with four casualties reported from a flash flood at the TK Colony eco-tourism site in Malappuram. In Kottayam, two deaths were recorded due to rain-related mishaps and mudslides, while emergency evacuations were carried out in Idukki following cloudburst and landslide threats. Authorities have imposed travel restrictions in vulnerable hill tracks, including night travel bans in Idukki and traffic diversions around Munnar town.