ചൂടിന് ചെറിയ ആശ്വാസം മാത്രം കൊതിച്ചവര്‍ക്ക് മേലെ പെയ്തിറങ്ങിയത് ദുരിതപ്പേമാരി. സംസ്ഥാനത്ത് നാശം വിതച്ച കനത്തമഴയില്‍ ഇതുവരെ പൊലിഞ്ഞത് ഒന്‍പത് ജീവനുകള്‍. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്ന് വീടുകള്‍ തകര്‍ന്നു. പതിനഞ്ചു പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.

അതേസമയം, എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കനത്ത ചൂട് കാലാവസ്ഥയില്‍ പെട്ടെന്ന് മഴ പെയ്യുമ്പോള്‍ മഴ മേഘങ്ങള്‍ക്ക് ശക്തി കൂടും. എപ്പോള്‍ വേണമെങ്കിലും മലവെളളപ്പാച്ചില്‍ ഉണ്ടാകാമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ചെറിയ സമയത്തിനുളളില്‍ അതിശക്ത മഴയ്ക്ക് വരും ദിവസങ്ങളിലും സാധ്യതയെന്നും ഐഎംഡി ഡയറക്ടര്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. 24 മണിക്കൂറിനുളളില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 24 ന് മഴ കൂടുതല്‍ ശക്തിപ്പെടും. വെളളിയാഴ്ച വരെ മഴ തുടരും. 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

അതേസമയം, മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. നഷ്ടപരിഹാരം മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടമുണ്ടായ ടി.കെ.നഗര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.കെ. ബഷീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.  

ENGLISH SUMMARY:

Heavy rains accompanied by flash floods have wreaked havoc across Kerala, taking the lives of nine people and leaving three others injured. The torrential downpours destroyed three houses and forced at least fifteen residents to relocate to relief camps. The India Meteorological Department (IMD) has issued a yellow alert for eight districts, warning that sudden rainfall following intense heat creates stronger cloud formations capable of triggering immediate flash floods. With a low-pressure area over the Bay of Bengal set to intensify into a deep depression within 24 hours, meteorologists predict severe rainfall accompanied by strong winds up to 40 km/h to persist until Friday.