കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പുതിയ ജലവൈദ്യുത പദ്ധതികളിലൂടെ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് ആകെ 150 മെഗാവാട്ട് വൈദ്യുതി മാത്രം. 2016 മുതൽ 2026 മാർച്ച് വരെ പത്ത് ജലവൈദ്യുത പദ്ധതികളാണ് കമ്മിഷൻ ചെയ്തത്. എന്നാൽ ഇവയെല്ലാം ചെറുകിട പദ്ധതികളായതിനാൽ വലിയ തോതിലുള്ള വൈദ്യുതി ഉൽപാദനം സാധ്യമായില്ല.
പദ്ധതികൾക്കായി ഇതുവരെ 3,042.98 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. കുറഞ്ഞ ചെലവിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യതകൾ കേരളം കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
Read more:കെഎസ്ഇബി ജീവനക്കാർക്കെതിരായ അതിക്രമം: കർശന നടപടിക്ക് എഡിജിപിയുടെ നിർദ്ദേശം ...
അതേസമയം, വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കേരളം പ്രതിവർഷം ശരാശരി 12,000 കോടി രൂപ ചെലവഴിക്കുന്നതായാണ് കണക്ക്. വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കണ്ടെത്താൻ ബദൽ പദ്ധതികൾ അനിവാര്യമാണെന്ന ചർച്ചകൾക്കിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
സൗരോർജ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം 2,492.45 മെഗാവാട്ട് ശേഷി കൈവരിച്ചിട്ടുണ്ട്. എന്നാൽ പകൽ സമയത്ത് ലഭിക്കുന്ന അധിക സൗരോർജം രാത്രിയിൽ ഉപയോഗിക്കുന്നതിനായി ആവശ്യമായ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ ഇതുവരെ കാര്യമായി സ്ഥാപിക്കാനായിട്ടില്ല.
Read more:മിൽമ മലബാർ യൂണിയൻ പിരിച്ചുവിടൽ നിയമപരമായി നേരിടും: കെ.എസ്.മണി ...
അഞ്ചിടത്ത് ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതികൾ യാഥാർഥ്യമായിട്ടില്ല. അടുത്ത നാല് വർഷത്തിനുള്ളിൽ കുറഞ്ഞത് 1,000 മെഗാവാട്ട് വൈദ്യുതി സംഭരിക്കാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
പുനരുപയോഗ ഊർജത്തിന്റെ ഉൽപാദനത്തിനൊപ്പം സംഭരണ സംവിധാനങ്ങൾ കൂടി ശക്തിപ്പെടുത്തിയാൽ മാത്രമേ രാത്രികാല വൈദ്യുതി ആവശ്യകത ഉൾപ്പെടെ ഫലപ്രദമായി നേരിടാനാകൂ.