ആലുവ കമ്പനിപ്പടിയിൽ യുവതിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസിനെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലുവ ചൂർണിക്കരയുള്ള ഫ്ളാറ്റിന്റെ കോമ്പൗണ്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ഫ്ളാറ്റിൽ മൂന്ന് മാസമായി അനില തോമസ് ഒറ്റയ്ക്കായിരുന്നു താമസം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരന്റെ ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കാർ ഏറെ നാളായി പാർക്കിങ് സ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അതിനാൽ ആരുടെയും ശ്രദ്ധ വണ്ടിയിലേക്ക് പോയിരുന്നില്ല.
അയൽക്കാരുമായി അധികം സംസാരിക്കാത്ത വ്യക്തിയായിരുന്നു അനിതയെന്ന് അയൽവാസികൾ പറയുന്നു. വളർത്തുനായക്കൊപ്പം നടക്കാൻ പോകുമായിരുന്നു. ക്യാൻസർ രോഗത്തിനു ചികിത്സയിലായിരുന്ന ഇവർ മുൻപ് തിരുവനന്തപുരത്ത് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നതെന്ന് സമീപവാസികളോട് പറഞ്ഞിട്ടുണ്ട്.
ആത്മഹത്യയാണോ അതോ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കാറും പരിസരവും പൊലീസ് സുരക്ഷയിലാക്കി. ഇൻക്വസ്റ്റ് നടപടികൾ നാളെ പൂർത്തിയാക്കുന്നതു വരെ മൃതദേഹം കാറിനുള്ളിൽ തന്നെയായിരിക്കും. അനില തോമസിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.