• 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവര്‍ഷം കഠിന തടവും 30.84 ലക്ഷം പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ‌

മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു തച്ചങ്കരിയുടെ മറുപടി. 

1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിൻ ജെ.തച്ചങ്കരി 2023 ൽ മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിച്ചത്. മാർക്കറ്റ്ഫെഡ്, കൺസ്യൂമർഫെഡ് എന്നിവയുടെ മാനേജിങ് ഡയറക്ടറായും കെഎസ്ആർടിസി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയർഫോഴ്സ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

The Kottayam Vigilance Court has sentenced former IPS officer and DGP Tomin J. Thachankary to four years of imprisonment in a long-standing disproportionate assets case. The investigation established that Thachankary accumulated ₹64.70 lakh in illegal wealth beyond his known income sources between 2003 and 2007, along with stamp duty evasions. When given an opportunity to address the court before sentencing, Thachankary cited health issues and chest pain. Thachankary, who held key administrative positions including CMD of KSRTC and Fire Force Chief, retired in 2023 as Investigation DGP at the Human Rights Commission.