wayanad-vazhavatta-anto-augustine-house-sit-raid-liquor-seized-excise-case
  • അനുവദനീയമായ അളവിലും വളരെ കൂടുതലായി 43 ലിറ്ററോളം വിദേശമദ്യവും വൈനും മദ്യവുമാണ് കൽപ്പറ്റ എക്സൈസ് സംഘം സ്ഥലത്തെത്തി പിടിച്ചെടുത്തത്.

വയനാട് വാഴവറ്റയിലുള്ള അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിൽ വൻ മദ്യശേഖരം പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പ് കേസിലെ ഡിജിറ്റൽ തെളിവുകളും രേഖകളും ശേഖരിക്കാൻ എത്തിയ അന്വേഷണ സംഘമാണ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 67.24 ലിറ്റർ മദ്യം കണ്ടെത്തിയത്. 

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മദ്യശേഖരം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വീട്ടുടമയായ ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും, അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവു വ്യക്തമാക്കിയതായും എക്സൈസ് അധികൃതർ അറിയിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുലർച്ചെയോടെയാണ് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. രേഖകൾക്കായുള്ള പരിശോധന തുടരുന്നതിനിടെയാണ് വീടിനുള്ളിൽ വൻതോതിൽ വിദേശമദ്യവും വൈനും സൂക്ഷിച്ചിരിക്കുന്നത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഉച്ചയ്ക്ക് 12 മണിയോടെ എക്സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് നിയമപ്രകാരം ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന അളവ് 3 ലിറ്റർ വിദേശമദ്യവും 3.5 ലിറ്റർ വൈനുമായിരിക്കെ, ഇവിടെ നിന്ന് 43 ലിറ്ററോളം വിദേശമദ്യവും ഫോറിൻ വൈനും മിലിട്ടറി മദ്യവും ഉൾപ്പെടെ ആകെ 67.24 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.

സംഭവസ്ഥലത്തുനിന്നും മഹസർ നടപടികളും സാമ്പിൾ ശേഖരണവും പൂർത്തിയാക്കി എക്സൈസ് സംഘം പിടിച്ചെടുത്ത മദ്യവുമായി കൽപ്പറ്റ എക്സൈസ് ഓഫീസിലേക്ക് മടങ്ങി. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെതിരെ ഉടനടി കേസ് രജിസ്റ്റർ ചെയ്യും. സാമ്പത്തിക കേസിനിടെയാണ് പുതിയ അബ്കാരി കേസ് കൂടി വന്നത് അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടിയായിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനപ്രകാരം ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എക്സൈസ് വേഗത്തിൽ കടക്കും. 

ENGLISH SUMMARY:

A Special Investigation Team conducting a raid at the residence of the Augustine brothers in Vazhavatta, Wayanad, uncovered an illegal stash of 67.24 liters of liquor. The SIT had initially arrived at the property to gather digital evidence and documents related to a financial fraud case when they noticed the large collection of foreign liquor and wine. Following an alert from the investigating team, the Kalpetta Excise team led by Circle Inspector T. Sharafudheen seized the contraband and completed the mahazar procedures. Excise Commissioner Sambasiva Rao confirmed that non-bailable charges under the Abkari Act will be registered against house owner Anto Augustine, clearing the way for his immediate arrest.