കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകാത്ത സാഹചര്യത്തിൽ രാത്രികാല വൈദ്യുതി നിയന്ത്രണം 15 ദിവസം കൂടി തുടർന്നേക്കും. ഹിമാചൽ പ്രദേശിൽ നിന്നും ഒഡീഷയിൽ നിന്നും കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് പര്യാപ്തമായിട്ടില്ല. ഇന്നലെയും വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വിവിധ സമയങ്ങളിലായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 800 മുതൽ 1000 മെഗാവാട്ട് വരെയാണ് വൈദ്യുതി കുറവ് രേഖപ്പെടുത്തിയത്. Also Read: കൊതുകിനെ അടിക്കാം മല്‍സരിക്കാം; പവര്‍കട്ട് ആസ്വാദ്യകരമാക്കാം
കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ പരമാവധി 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിച്ചത്. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി നിലച്ചിട്ട് അഞ്ച് ദിവസമായി. ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിന് അനുവദിച്ചതായി പറയുന്ന 250 മെഗാവാട്ട് വൈദ്യുതിയും ഇതുവരെ കെഎസ്ഇബിയുടെ കണക്കിൽ ഉൾപ്പെട്ടിട്ടില്ല.
അധിക വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും അധിക വൈദ്യുതി ഉറപ്പാക്കാനായില്ല. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന കെഎസ്ഇബി തീരുമാനത്തോടെ എൻടിപിസി വഴിയുള്ള വൈദ്യുതി ലഭ്യതയ്ക്കുള്ള സാധ്യതയും പ്രതിസന്ധിയിലായി.
ഇതിനിടെ, ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ ശക്തമാകുന്നത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് സൂചന.