പരമ്പരാഗത സമരരീതികൾക്കപ്പുറം ഡിജിറ്റൽ കാലത്തെ വേറിട്ട പ്രതിഷേധവുമായി കളം നിറയുകയാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി. സംസ്ഥാനത്തെ അപ്രഖ്യാപിത പവർക്കട്ടിലും വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് അവർ പുറത്തിറക്കിയ ഓൺലൈൻ മൊബൈൽ ഗെയിം ഇപ്പോൾ സൈബർ ലോകത്ത് വൻ തരംഗമായി മാറിയിരിക്കുകയാണ്.
പവർക്കട്ടിൽ വെറുതെയിരുന്ന് മുഷിപ്പടയേണ്ട; മെഴുകുതിരി വെട്ടത്തിൽ ശല്യപ്പെടുത്താനെത്തുന്ന കൊതുകുകളെ അടിച്ചു വീഴ്ത്തി വിജയിക്കാം" എന്ന കിടിലൻ ആഹ്വാനവുമായാണ് ഈ ആക്ഷേപഹാസ്യ ഗെയിം യുവജന സംഘടന അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ പ്രൊഫഷണൽ സബ് കമ്മിറ്റിയാണ് സാങ്കേതികവിദ്യയെ സർഗാത്മകമായി ഉപയോഗിച്ച് ഈ ഗെയിമിന് രൂപം നൽകിയിരിക്കുന്നത്.
ഇരുട്ടിൽ മിഴിചിമ്മുന്ന മെഴുകുതിരിയും, അതിനുപുറകിൽ ചിരിച്ചുനിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രവുമാണ് ഗെയിമിന്‍റെ മുഖ്യ ആകർഷണം. പവർക്കട്ട് സമയത്ത് ഇരുട്ടിൽ കറങ്ങിനടന്ന് ഉപദ്രവിക്കുന്ന കൊതുകുകളെ നിശ്ചിത സമയത്തിനുള്ളിൽ സ്ക്രീനിൽ തൊട്ട് അടിച്ചു താഴെയിടുക എന്നതാണ് കളിക്കാരന്‍റെ ചുമതല.
ഓരോ കൊതുകിനെയും വീഴ്ത്തുമ്പോൾ ഓരോ പോയിന്‍റ് വീതം ലഭിക്കുകയും, ഗെയിം കഴിയുമ്പോൾ ഏറ്റവും ഉയർന്ന സ്കോർ നേടിയവരുടെ പേരുകൾ ഉൾപ്പെടുത്തിയ ലീഡർബോർഡ് സ്ക്രീനിൽ തെളിയുകയും ചെയ്യും. സുഹൃത്തുക്കളുമായി പോയിന്‍റുകൾ പങ്കുവെച്ച് മല്‍സരിക്കാൻ ഇത് ഏറെ അവസരമൊരുക്കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി റിലീസ് ചെയ്ത ഗെയിം, മണിക്കൂറുകൾക്കകം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. എന്തായാലും സർക്കാരിനെതിരെ സ്വന്തം സംഘടന തന്നെ നടത്തുന്ന ഈ ഡിജിറ്റൽ ട്രോൾ സമരം ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.