സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ നാശമാണെന്ന വിവാദ പ്രസ്താവനയില്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍. മതപരമായ കാര്യങ്ങള്‍ പറയാന്‍ പണ്ഡിതര്‍ക്ക് അവകാശമുണ്ടെന്നും ഇഷ്ടമുള്ളവര്‍ക്ക് ഏറ്റെടുക്കാം, അല്ലാത്തവര്‍ക്ക് വിമര്‍ശിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'പണ്ഡിതര്‍ അവരുടെ കടമ നിര്‍വഹിക്കും. പറയാനുള്ളത് പറയേണ്ട സമയത്ത് തന്നെ പറയേണ്ടി വരും. മതത്തെ യുക്തി കൊണ്ട് അളക്കുമ്പോഴാണ് പ്രശ്നം'- സാദിഖലി തങ്ങള്‍ വിശദീകരിച്ചു.
'സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നു പറയുന്നതു ബഹുമാനം കൊണ്ടാണ്. പർദ സമ്പ്രദായം ഏർപ്പെടുത്തിയത് അതിനാലാണ്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം'. മതം പഠിച്ചയാളെന്ന നിലയിൽ ഇതു പറയാൻ തനിക്ക് അധികാരമുണ്ടെന്നായിരുന്നു കാന്തപുരം ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് വിശ്വസിക്കുന്നവരല്ല തങ്ങളെന്നും രണ്ടാംസ്ഥാനമാണ് അവര്‍ക്ക് നല്‍കുന്നതെന്ന രീതിയില്‍ പുറത്തുവന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും കാന്തപുരം പിന്നീട് വിശദീകരിച്ചിരുന്നു. മാത്രമല്ല, സമസ്തയ്ക്ക് കീഴില്‍ ധാരാളം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മറ്റ് അവസരങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
അതേസമയം, നബി ദിന ഘോഷയാത്ര നടത്തുന്നവരാണ് അതില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നതെന്നായിരുന്നു വിഷയത്തില്‍ മുന്‍മന്ത്രി കെ.ടി.ജലീലിന്‍റെ പ്രതികരണം. ഇസ്ലാമില്‍ വിവിധ ചിന്താധാരകളുണ്ടെന്നും അതിലുള്ളവര്‍ക്ക് എല്ലാത്തിലും ഒരേ അഭിപ്രായമാകണമെന്നില്ലെന്നും ജലീലും വിശദീകരിച്ചിരുന്നു.