പിഎസ്സി റാങ്കുപട്ടിക നിലവില്‍ വന്നിട്ട് മൂന്നുവര്‍ഷമായിട്ടും ഒന്നാംറാങ്കുകാരിക്ക് പോലും നിയമനമില്ല. ഈ മാസം പതിനെട്ടിന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുമ്പോള്‍ നിരവധിപേരുടെ ജീവിത സ്വപ്നങ്ങളാണ് ഇല്ലാതാകുന്നത്. ഒരാളെപ്പോലും നിയമിക്കാതെ എന്തിനാണിങ്ങനെ പരീക്ഷ നടത്തി റാങ്ക് പട്ടിക തയാറാക്കിയതെന്നാണ് കോട്ടയം ജില്ലയിലെ ഹൈസ്കൂള്‍ ഇംഗ്ലിഷ് അധ്യാപക ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്.
2023 ല്‍ നിലവില്‍ വന്ന ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് മൂന്ന് വര്‍ഷമാണ് ഒന്നാം റാങ്കുകാരി ജെ.ലക്ഷ്മി കാത്തിരുന്നത്. 2021 ല്‍ പിഎസ്സി വിജ്ഞാപനം വന്ന് 2022 ജൂലൈ പതിനാലിന് പരീക്ഷയെഴുതി–2023 സെപ്റ്റംബര്‍ 19 ന് നിലവില്‍വന്ന കോട്ടയം ജില്ലയിലെ ഹൈസ്കൂള്‍ ഇംഗ്ളിഷ് അധ്യാപക റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികളാണ് വഞ്ചിക്കപ്പെട്ടത്. ഒരാളെപ്പോലും നിയമിക്കാതെ വരുന്ന പതിനെട്ടിന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിപ്പിക്കുകയാണ്.
കോട്ടയം ജില്ലയില്‍ 75 ഗവണ്‍മെന്‍റ് ഹൈസ്കൂളുകളാണുളളത്. ഇതില്‍ അറുപതിലധികം സ്കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരാണുള്ളത്. താല്‍ക്കാലിക അധ്യാപകരെ എടുക്കുന്നത് ജൂലൈയിലാണ്. ഫെബ്രുവരി വരെ മാത്രമേ പഠിപ്പിക്കാനുളളു. ഇംഗ്ലിഷ് മാത്രം താല്‍ക്കാലിക അധ്യാപകരാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തസ്തികയില്‍ 2017 ലെ റാങ്ക് പട്ടികയിലും ഒരാളെപ്പോലും നിയമിക്കാതെ 2021 ല്‍ കാലാവധി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇതേ തസ്തികയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലും പിഎസ്സി പരീക്ഷ നടത്തിയിട്ടുണ്ട്.
അധ്യാപകരെ നിയമിക്കാനല്ലെങ്കില്‍ വിജ്ഞാപനം നടത്തി, പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റിട്ട് എന്തിനാണ് ഈ പ്രഹസനമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദ്യമുയര്‍ത്തുന്നത്. അതേസമയം, അഞ്ച് ഡിവിഷനുള്ള സ്കൂളുകളില്‍ മാത്രം ഇംഗ്ലിഷ് അധ്യാപകരെ നിയമിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടാണ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നതെന്നതാണ് വാസ്തവം. ഇത് തിരുത്താന്‍ തയാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.