• പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ചോദ്യം ചെയ്യലിൽ തർക്കം മുറുകുന്നു; ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തില്ലെന്ന് അംഗങ്ങൾ; പ്രത്യേക പരിരക്ഷയില്ലെന്ന് എസ്.ഐ.ടി

പരീക്ഷാ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ചോദ്യം ചെയ്യലിനെ ചൊല്ലി പി.എസ്.സി അംഗങ്ങളും ക്രൈംബ്രാഞ്ചും തമ്മില്‍ തര്‍ക്കം തുടരുന്നു. പി.എസ്.സി ആസ്ഥാനത്തെത്തി ചോദ്യം ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. പി.എസ്.സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ മറുപടി. അതേസമയം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്ന നിലപാടില്‍ പി.എസ്.സി അംഗങ്ങളും ഉറച്ച് നില്‍ക്കുകയാണ്.

പതിനായിരക്കണക്കിന് യുവാക്കളിലും അവരുടെ കുടുംബങ്ങളിലും ആശങ്ക നിറച്ചതാണ് പി.എസ്.സി പരീക്ഷകളില്‍ തട്ടിപ്പെന്ന വ്യാപക പരാതികള്‍. അതിന് ഉത്തരം തേടാന്‍ ശ്രമിക്കുമ്പോള്‍, തടസം സൃഷ്ടിക്കുന്ന നിലപാട് തുടരുകയാണ് പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിയോഗിച്ച പി.എസ്.സി ചെയര്‍മാനും അംഗങ്ങളും. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് അംഗങ്ങള്‍ക്ക് എസ്.ഐ.ടി നോട്ടീസ് നല്‍കി. ചെയര്‍മാനും ഉടന്‍ നല്‍കും. എന്നാല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്നും പി.എസ്.സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നുമാണ് പി.എസ്.സിയുടെ നിലപാട്.

ആവശ്യമെങ്കില്‍ പി.എസ്.സി ആസ്ഥാനത്തെത്തി അംഗങ്ങളുടെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്നും ആവശ്യം. ഇതിന് വഴങ്ങാന്‍ എസ്.ഐ.ടിയും തയാറല്ല. പി.എസ്.സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ല. നോട്ടീസ് നല്‍കി വിളിപ്പിക്കുമ്പോള്‍ സാധാരണക്കാരും പി.എസ്.സി അംഗങ്ങളും ഒരുപോലെയാണെന്നും എസ്.ഐ.ടി പറയുന്നു. ചോദ്യം ചെയ്യല്‍ ബുധനാഴ്ച മുതലാണ്. അതിനാല്‍ വരും ദിവസങ്ങളിലെ സാഹചര്യം നോക്കി അന്തിമ തീരുമാനമെടുക്കാമെന്നുമാണ് അജിത ബീഗത്തിന്‍റെ നേതൃത്വത്തിലെ സംഘത്തിന്‍റെ നിലപാട്.

ENGLISH SUMMARY:

The standoff between the Crime Branch Special Investigation Team and Kerala PSC members has intensified over the location for interrogation regarding the widespread exam scam. While the Crime Branch has issued notices to five PSC members asking them to appear at its headquarters, the members insist that they have special privileges and must be questioned at the PSC office instead. Rejecting these demands, the investigation team under Ajitha Begum clarified that PSC members enjoy no immunity and are treated like any ordinary citizen during a criminal probe. Thousands of job aspirants remain in distress as the investigation encounters bureaucratic resistance ahead of the scheduled interrogations on Wednesday.