രാത്രികാല വൈദ്യുതി നിയന്ത്രണത്തില്‍ മലയാളി ഉരുകിയൊലിക്കാന്‍ തുടങ്ങിയിട്ട് പതിനൊന്നാം ദിവസം. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും ഒടുവില്‍ വൈദ്യുതി മുടക്കം ഉപഭോക്താക്കളെ അറിയിക്കാനുള്ള സംവിധാനമൊരുക്കി കെ.എസ്.ഇ.ബി. ഓരോ ദിവസവും വൈദ്യുതി നിയന്ത്രണ സമയം മൊബൈലില്‍ സന്ദേശമായെത്തും. ഇന്ന് രാത്രിയും നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും മെഴുകുതിരി തെരയാനുള്ള അറിയിപ്പായി. ഉപഭോക്താവിന്‍റെ മൊബൈല്‍ നമ്പരിലേക്ക് വൈകിട്ട് സന്ദേശമെത്തും. 600 മെഗാവാട്ടിന്‍റെ കുറവ് വരുന്ന സമയം ഏതൊക്കെ ഫീഡര്‍ ഓഫ് ചെയ്യണമെന്ന ക്രമം തയ്യാറാക്കി. നിയന്ത്രണ സമയം സബ് സ്റ്റേഷനുകള്‍ സെക്ഷന്‍ ഓഫിസുകളെ അറിയിക്കും. സെക്ഷന്‍ ഓഫിസുകളില്‍ നിന്നാണ് മൊബൈലിലേക്ക് സന്ദേശമെത്തുക. ഒരു ഫീഡര്‍ രണ്ട് പ്രാവശ്യം മാത്രം ഓഫാക്കും. 

25 മിനിറ്റ് വീതം രണ്ട് തവണ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തും. കെ.എസ്.ഇ.ബി വിത്ത് യു ആപ്പ് വഴിയാവും ഉപഭോക്താക്കള്‍ക്ക് കൃത്യമായ സന്ദേശമെത്തുക. തിരുവനന്തപുരത്തെ പരീക്ഷണം വിജയകരമെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും മുന്നറിയിപ്പെത്തിക്കുന്നത്. നിലവില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കായിരിക്കും ഈ സന്ദേശമെത്തുക. www wss. Kseb.In എന്ന ഔദ്യോഗിക പേജിലേക്ക് കയറിയും മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം. 

ആദ്യഘട്ടത്തില്‍ ഒരു മണിക്കൂറിനിടയില്‍ തടസമുണ്ടാവുമെന്ന മട്ടിലായിരിക്കും മുന്നറിയിപ്പ്. ഉദാഹരണത്തിന് രാത്രി എട്ട് മണി മുതല്‍ ഒന്‍പത് വരെയെന്ന സന്ദേശം വന്നാല്‍ ഈ സമയത്തിനുള്ളിലായിരിക്കും വൈദ്യുതി നിയന്ത്രം. അടുത്തഘട്ടമായി അറിയിപ്പ് ഒരാഴ്ചയില്‍ ഒരുതവണയെന്ന നിലയിലേക്ക് മാറും. മുന്നറിയിപ്പൊക്കെ വന്നെങ്കിലും വൈദ്യുതി പ്രതിസന്ധി എന്ന് നീങ്ങുമെന്ന കാര്യത്തില്‍ കെ.എസ്.ഇ.ബിക്കും മന്ത്രിക്കും ഉറപ്പില്ല. ഇന്നലെയും 900 മെഗാവാട്ടിനോട് അടുത്ത് കുറവുണ്ടായി. രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്നും കരുതിയിരിക്കണം. ലൈറ്റണയുമ്പോള്‍ റാന്തല്‍ കൊളുത്തി വിശറി വീശാന്‍. 

ENGLISH SUMMARY:

Kerala electricity crisis is significantly impacting daily life as KSEB implements load shedding. To mitigate customer inconvenience, KSEB is now providing electricity cut notifications via mobile messages, ensuring users are informed about scheduled power outages.