ആരെങ്കിലും പേടിച്ചുപോയെന്ന് കരുതേണ്ടെന്ന് മുന്‍മന്ത്രി മുഹമ്മദ് റിയാസ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരാണ്. നിരപരാധിത്വം പൂര്‍ണമായി തെളിയിക്കാനാകും. മനുഷ്യന്‍റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാര്‍ത്തവരുന്നു, അത് അതി‍ന്റെ രസത്തില്‍ നടക്കട്ടെയെന്നും റിയാസ്  പ്രതികരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തലിനോടു പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. 

 

Also read: CMRLൽ നിന്ന് പിണറായി വിജയൻ 3.28 കോടി കൈപ്പറ്റിയെന്ന് ED; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത്

 

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ്  ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. കൈക്കൂലി വാങ്ങാനും, അത് മറ്റിടങ്ങളിലേക്ക് അയയ്ക്കാനും പിണറായിയെയും മുഹമ്മദ് റിയാസിനെയും വീണ സഹായിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ലഭിച്ച കാര്യം ആഭ്യന്തര മന്ത്രിയും, സംസ്ഥാന പൊലീസ് മേധാവിയും സ്ഥിരീകരിച്ചു

 

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ അടക്കമുള്ളവർക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. പ്രതികളിൽ ഓരോരുത്തര്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍നിന്ന് വീണ വഴി കൈപ്പറ്റിയെന്ന്, സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒയും ചീഫ് ജനറൽ മാനേജരുമായ പി.സുരേഷ് കുമാർ മൊഴി നൽകിയെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. 

 

മുഹമ്മദ് റിയാസ് വാങ്ങിയ കൈക്കൂലി പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബായിലേക്ക് അയച്ചു. കൈക്കൂലി വാങ്ങാനും അതു മറ്റിടങ്ങളിലേക്ക് അയയ്ക്കാനും പിണറായിയെയും മുഹമ്മദ് റിയാസിനെയും വീണ സഹായിച്ചു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കൈക്കൂലി നല്‍കിയത്. ഇതിന് പി.സുരേഷ് കുമാര്‍ കൂട്ടുനിന്നു. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് കൈക്കൂലിപ്പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. കൈക്കൂലി പണം കൈപ്പറ്റുന്നതിനുള്ള കോർപ്പറേറ്റ് റൂട്ടായിരുന്നു എക്സാലോജിക് കമ്പനി. ഇതോടൊപ്പം മുഹമ്മദ് റിയാസിന്റെ അടുത്ത അനുയായികളായ ഷൈജല്‍ മുഹമ്മദ്, പി.നിഖില്‍, ഹസന്‍ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാല്‍ തുടങ്ങിയവരാണ് കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ വീണയെയും റിയാസിനെയും സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയൻ്റെ  തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീണ  ദുബായിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ലഭിച്ചുവെന്ന് ഇഡി നേരത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം അഴിമതി നടന്നു എന്ന വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  ഇഡി റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് ലഭിച്ചതായി ആഭ്യന്തരമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. 

 

പിണറായി വിജയൻ പ്രതിയാകുമെന്ന് പറഞ്ഞപ്പോൾ പലരും തന്നെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുകയും ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പറഞ്ഞു. കേസിന്റെ ഓരോ ഘട്ടത്തിലും പിണറായി പാർട്ടിയോടും സമൂഹത്തോടും കള്ളം പറഞ്ഞു. ആവർത്തിച്ച് പച്ചക്കള്ളം പറഞ്ഞയാളാണ് പിണറായി. എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരുമെന്നും മാത്യു കുഴൽനാടൻ കോട്ടയത്ത് പറഞ്ഞു.

 

അതേസമയം, പിണറായി വിജയന്‍   പ്രതിപക്ഷ നേതൃപദവി ഒഴിയണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. പൊലീസ് അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥിരം തന്ത്രം സിപിഎം സ്വീകരിക്കരുതെന്നും വി. മുരളീധരന്‍ ആവശ്യപ്പട്ടു.

 

ഇതിനിടെ ഇ.ഡിയുടെ കത്ത് ‍ഡിജിപിക്ക് ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമവശം പരിശോധിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിക്കെതിരായ ഇ.ഡിയുടെ കണ്ടെത്തലില്‍ സിപിഎം നേതൃത്വം പ്രതികരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പട്ടു. സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം. അനന്തമായി ന്യായീകരിക്കാതെ അന്വേഷണത്തോട് സഹകരിക്കമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

 

പിണറായി വിജയനെതിരെ വളരെ വേഗത്തിൽ കേസെടുത്ത് നടപടി ആരംഭിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു. 2023 മുതൽ ആരംഭിച്ച നിയമപോരാട്ടം അതിന്റെ വ്യക്തതയിലേക്ക് എത്തുന്നു. ഈ കേസിൽ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞതാണ്. തീരദേശത്തെ വിൽക്കാൻ പിണറായി കണ്ട മാർഗമായിരുന്നു മകൾ വഴി കണ്ടത്. എൽഡിഎഫ് പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു.

 

പിണറായി വിജയനെതിരായ ഇ.ഡി. നടപടിയില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഇ.ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്നും പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

 

ENGLISH SUMMARY:

Malayala Manorama Online News reports on the ED's findings regarding alleged bribery involving Pinarayi Vijayan, Mohammed Riyas, and T. Veena. The Enforcement Directorate's report details accusations of receiving substantial bribes through CMRL and subsequent money transfers, prompting calls for FIR registration.