cpm-election

TOPICS COVERED

പാര്‍ട്ടിക്കുണ്ടാകുന്ന തിരിച്ചടികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവുമായി സിപിഎം രേഖ.  വീഴ്ചകളുണ്ടായാല്‍ കമ്മിറ്റികളുടെ മേല്‍ ഉത്തരവാദിത്തം ചാരുന്നത് അവസാനിപ്പിക്കണമെന്ന  നിര്‍ദേശമാണ്  കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയില്‍ അവതരിപിക്കാനുള്ള രേഖയിലുള്ളതെന്നതാണ് വിവരം.  ഈ മാസം 13 മുതല്‍ 15 വരെ കോഴിക്കോടാണ് വിശാല സംസ്ഥാന സമിതി യോഗം 

പാര്‍ട്ടയിലെ  സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രവര്‍ത്തന രീതിയില്‍ കാതലായ മാറ്റം വരുത്താനുമുള്ള രേഖയാണ് കേന്ദ്രകമ്മിറ്റി നിര്‍ദേശ പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ പാളിയപ്പോള്‍ തീരുമാനം എടുത്ത കമ്മിറ്റികളെ പഴിചാരി നേതാക്കള്‍ ഉത്തരവാദിത്തം ഒഴിയുന്നതാണ് അടുത്തിടെ കണ്ടത്. കൂട്ടുതരവാദിത്തം എന്ന പദമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും ഉപയോഗിച്ചത്. എന്നാല്‍  ഇനി കൂട്ടുഉത്തരവാദിത്തത്തിനൊപ്പം തീരുമാനം എടുക്കുന്ന നേതാവിനും ഉത്തരവാദിത്തമുണ്ടാവും. 

കമ്മിറ്റികളിലെടുക്കുന്ന തീരുമാനം പാളിയാല്‍ അതിന്‍റെ ഉത്തരവാദിത്തം ആ തീരുമാനം നിര്‍ദേശിച്ച നേതാവിനായിരിക്കും. തീരുമാനം കമ്മിറ്റി അംഗീകരിച്ചിരുന്നുവെന്ന ന്യായം ഇനി വിലപ്പോവില്ലെന്നാണ് വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുന്ന രേഖ നല്‍കുന്ന സൂചന. തളിപ്പറമ്പില്‍ പി കെ  ശ്യാമള തോറ്റപ്പോള്‍  സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്  ജില്ലാ കമ്മിറ്റിയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ന്യായീകരിച്ചതും കേന്ദ്രകമ്മിറ്റി ഇടപെടലിന് പിന്നിലുണ്ടെന്നാണ് സൂചന .  ജനങ്ങളോട് നേതാക്കളോടും അണികള്‍ക്കും വിനയം വേണമെന്നും പ്രസംഗങ്ങള്‍ കാര്യമാത്രപ്രസക്തമാവണമെന്നും വിശാല സംസ്ഥാന സമിതിക്കുള്ള രേഖയില്‍  നിര്‍ദേശമുണ്ട്. രേഖയുടെ കരട് അന്തിമമാക്കാന്‍ നാളെയും മറ്റെന്നാളും സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരും. 

ENGLISH SUMMARY:

CPM leadership must accept responsibility for setbacks and failures in the party. A document is being presented to the expanded state committee meeting in Kozhikode, suggesting an end to blaming committees for failures and holding leaders accountable for their decisions.