jayarajan-pinarayi
  • പാർട്ടി വിരുദ്ധരുടെ തെറ്റിദ്ധാരണകൾ മാറ്റി തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്ന ഒരേ രാഷ്ട്രീയ നിലപാടാണ് തങ്ങൾ ഇരുവരുടേതെന്നും പി. ജയരാജന്‍

സിപിഎം പോഡ്കാസ്റ്റില്‍ പിണറായിയെ തള്ളിപ്പറ‍ഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനമെന്ന്  പി.ജയരാജന്‍. പോ‍ഡ്കാസ്റ്റ് ചിത്രീകരിച്ചത് പിണറായിയുടെ പ്രസംഗത്തിന് മുന്‍പാണെന്ന് ജയരാജന്‍റെ വിശദീകരണം. താനും പിണറായിയും പറഞ്ഞത് ഒന്നാണെന്നും ഇത് തരംതാണ മാധ്യമപ്രവര്‍ത്തനമെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം അനിവാര്യമെന്നാണ് പി.ജയരാജന്‍ സിപിഎം പോഡ്‍കാസ്റ്റില്‍ പറഞ്ഞത്. സംഘടനാ പ്രവര്‍ത്തനത്തില്‍ പോരായ്‍മയുണ്ടെന്നും തിരുത്തുമെന്നും ജയരാജന്‍ പറഞ്ഞു. സ്വയം വിമര്‍ശനം ഉന്നയിച്ച തോമസ് ഐസകിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രസ്താവനയായിരുന്നു ജയരാജന്‍റേത്. 

തെറ്റെല്ലാം അണികളുടേതെന്നും പാര്‍ട്ടിക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും പറയുന്ന പിണറായിയില്‍ നിന്ന് വ്യത്യസ്തമാണ് പി.ജയരാജന്‍റെ വാക്കുകള്‍. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി തുടങ്ങിയ പുതിയ പോഡ്കാസ്റ്റിലെ ആദ്യ എപ്പിസോഡിലാണ് പി. ജയരാജന്‍റെ തുറന്നുപറച്ചിലുകള്‍. അണികളുടെ അഭിപ്രായം കേട്ട് പാര്‍ട്ടി തിരുത്തും. തിരുത്തി ഇടത്പക്ഷം തിരിച്ചുവരും. രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും ശുദ്ധീകരണം ആവശ്യമെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിണറായിയുടെ രാഷ്ട്രീയ നിലപാട് തന്നെയാണ് തന്‍റേതെന്ന് ജയരാജന്‍ വിശദീകരിക്കുന്നു. 'പാർട്ടി കേന്ദ്ര കമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ ഉൾപ്പാർട്ടി ചർച്ചകൾ നടത്തണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും, ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണകൾ മാറ്റി സംഘടനയെ ശക്തിപ്പെടുത്തണമെന്നുമാണ് പിണറായി  വിശദീകരിച്ചത്. അതേ അടിസ്ഥാന രാഷ്ട്രീയ നിലപാട് തന്നെയാണ് ഈ പോഡ്‌കാസ്റ്റിലും ഞാൻ മുന്നോട്ടുവെച്ചിട്ടുള്ളത്' എന്നാണ് ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

പാര്‍ട്ടി വിട്ടുപോയ വി.കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ജി.സുധാകരനും സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചുവെന്നും അവരുടേത് താൽക്കാലിക വിജയം മാത്രമെന്നും ജയരാജന്‍ പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ തെറ്റ് തിരുത്തല്‍ തുടങ്ങിയെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും പറഞ്ഞു. എല്ലാവീഴ്ചയും കണ്ടെത്താനാണ് ശ്രമം. പാർട്ടിക്കാർക്ക് അഹങ്കാരം കൂടി എന്ന തോമസ് ഐസക്കിന്റെ വിമർശനം എന്തടിസ്ഥാനത്തിൽ ആണെന്ന് അറിയില്ലെന്നും ഇ.പി മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

CPM leader P. Jayarajan has dismissed claims that he criticized Chief Minister Pinarayi Vijayan in a recent CPM Kannur podcast, labeling such media reports as baseless misinterpretations. Clarifying his stance via a Facebook post, Jayarajan stated that the podcast was recorded prior to Pinarayi Vijayan's speech and both shared the same fundamental political view. He emphasized that the party requires internal rectification and self-correction to overcome organizational shortcomings and regain popular support. Jayarajan added that his statements align completely with the Central Committee's directive to strengthen the party after correcting underlying errors.