ചിറയിന്‍കീഴ് എം എല്‍ എ രമ്യ ഹരിദാസ് ഉള്‍പ്പെട്ട മര്‍ദ്ദനക്കേസില്‍ രണ്ട് പ്രാദേശിക നേതാക്കളെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ച് കോണ്‍ഗ്രസ്. രമ്യ ഹരിദാസിന്‍റെ സന്തത സഹചാരി പാളയം പ്രദീപിനും കയ്യാങ്കളി നടന്ന വീടിന്‍റെ ഉടമ എസ്. സജാദിനുമെതിരെയാണ് കെപിസിസി നേതൃത്വം കടുത്ത നപടിയെടുത്തത്. തമ്മില്‍ത്തല്ല് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കെ. മുരളീധരനും തുറന്നടിച്ചു. ഇതിനിടെ പാളയം പ്രദീപ് തന്‍റെ അഡീഷനല്‍ പിഎയാണെന്ന എംഎല്‍എയുടെ വാദം പൊളിഞ്ഞു.
Also read: ‘കയ്യാങ്കളി വിവാദം പാർട്ടിക്ക് നാണക്കേട്’; രമ്യയ്‌ക്കെതിരെ പാർട്ടിക്കുള്ളിലും വിമർശനം
രമ്യ ഹരിദാസ് എം എല്‍ എയും ചിറയിന്‍കീഴിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ട തല്ല് കേസില്‍ ഇരുഭാഗത്തും ഒാരോവിക്കറ്റ് വീണു. തന്‍റെ സ്റ്റാഫാണെന്ന് രമ്യ ഹരിദാസ് വാദിക്കുന്ന പാളയം പ്രദീപാണ് നടപടി നേരിട്ടവരില്‍ ഒരാള്‍. എം എല്‍ എ ഉള്‍പ്പെട്ട കയ്യാങ്കളി നടന്ന ചിറയിന്‍കീഴിലെ വീട്ടുടമയും പ്രാദേശിക നേതാവുമായ എസ് സജാദിനേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്കം ലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ രമ്യ ഹരിദാസ് എം എല്‍ എയെ നേതൃത്വം തൊട്ടില്ല. രമ്യ ഡല്‍ഹിക്ക് പോയിരിക്കുകയാണെന്നും തിരിച്ചെത്തിയ ശേഷം കേള്‍ക്കുമെന്നും അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ എം എം ഹസന്‍. പാളയം പ്രദീപിനെതിരായ നടപടി രമ്യയ്ക്കുളള ശക്തമായ താക്കീതായാണ് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ രമ്യ പരാതി നല്‍കിയെങ്കിലും സജിത്തിനെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. നടപടി സപ്രതീക്ഷിച്ചില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും സജാദ് പ്രതികരിച്ചു.
ഇതിനിടെ എം എൽ എ ഉൾപ്പെട്ട കയ്യാങ്കളി ദൃശ്യങ്ങൾ പാർട്ടിക്ക് എത്രത്തോളം ക്ഷീണമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ.
ആലത്തൂരിൽ തോറ്റതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ കുറിച്ചത്. രമ്യ ഹരിദാസിന്റെ നടപടികളിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ എംഎല്‍എയുടെ വാദങ്ങളും പൊളിയുകയാണ്. ആരോപണ വിധേയനായ പാളയം പ്രദീപ് അഡീഷനൽ പിഎ എന്നായിരുന്നു രമ്യ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ ഔദ്യോഗിക സ്‌റ്റാഫിന്റെ പട്ടികയിൽ പാളയം പ്രദീപിന്‍റെ പേരില്ല. അഡീഷനൽ പി എ എന്നൊരു തസ്തികയും എം എൽ എയ്ക്കില്ല. കേസും അറസ്റ്റും ഒഴിവാക്കി പ്രശ്നം ഒതുക്കി തീർക്കാനാണ്നേതൃത്വത്തിന്റെ ശ്രമം. ഔദ്യോഗിക പദവികൾ ഇല്ലാത്ത പാളയം പ്രദീപിനെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ചതിൽ അടക്കം രമ്യാ ഹരിദാസിന് വീഴ്ച പറ്റിയെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
കേസുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും വ്യക്തിപരമായും എംഎൽഎയ്ക്ക് ദോഷം ഉണ്ടാക്കുമെന്നും വ്യക്തിപരമായ കാര്യങ്ങളിൽ അടക്കം പാർട്ടി മറുപടി പറയേണ്ടി വരുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട് . ഇരുകൂട്ടരും നൽകിയ പരാതികളിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കാത്തതും കേസൊതുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.