ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാം എന്ന പേരിൽ നടത്തിയ വിവാദ ഇടപാടുകളിൽ അന്വേഷണം ശക്തമാക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി). ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാം എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി അന്വേഷിക്കുക 9 ഇടപാടുകൾ കേന്ദ്രീകരിച്ച്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നാളെ യോഗം ചേരും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി, മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, കായിക വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, 'ഗോട്ട് ആഡ്' എന്ന കമ്പനി തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. Also Read: ‘എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണ്, സുകുമാരക്കുറുപ്പുമായി യാതൊരു ബന്ധവുമില്ല’; ദാമോദര മേനോൻ
സംഘം പരിശോധിക്കുന്ന ഒൻപത് പ്രധാന കാര്യങ്ങൾ ഇവയാണ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കരാർ ലഭിച്ച സാഹചര്യം. കരാർ നൽകുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ. അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറിയതായി പറയുന്ന 128 കോടി രൂപയുടെ സ്രോതസ്സ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നൽകുന്നതിന് പിന്നിലെ നീക്കങ്ങൾ. മുൻ മന്ത്രി വി. അബ്ദുറഹ്മാനും സംഘവും നടത്തിയ വിദേശയാത്രകൾ.സർക്കാരിന്റെ പേരും ഔദ്യോഗിക മുദ്രയും ഉപയോഗിച്ച് നടത്തിയിട്ടുള്ള വിവിധ കത്തിടപാടുകൾ.
ജിഎസ്ടി സംഘവും കായിക വകുപ്പ് സെക്രട്ടറിയും ഇതുവരെ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ പൂർണ്ണമായി പരിശോധിച്ച ശേഷമായിരിക്കും എസ്‌ഐടി കേസ് രജിസ്റ്റർ ചെയ്യുന്നതിൽ അന്തിമ തീരുമാനമെടുക്കുക.