കൊച്ചി രാസലഹരി കേസിലെ മുഖ്യപ്രതി വരുൺ ദേവ് ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വൻ നിക്ഷേപങ്ങൾ നടത്തിയെന്ന് കണ്ടെത്തൽ. ലഹരി ഇടപാടുകൾക്കായി ഫ്ലാറ്റുകളും മുറികളും നേരിട്ട് ബുക്ക് ചെയ്യാതെ സ്ത്രീകളെയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. വരുൺ ദേവുമായി അടുത്ത ബന്ധമുള്ള തിരുവല്ലയിലെ പ്രാദേശിക സിപിഎം നേതാവ് പ്രകാശ് ബാബുവിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു.
അന്തർ സംസ്ഥാന ഡ്രഗ് ഡീലറായ വരുൺ ദേവിന്റെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വത്തുവിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം പരിശോധന ശക്തമാക്കുന്നത്. വരുണിന്റെ കൈവശം നാല് ആഡംബര വാഹനങ്ങളുണ്ടെന്നും, ലഹരിവിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയെന്നുമാണ് എക്സൈസിന് ലഭിച്ച വിവരം. വരുണിന് വാഹനക്കച്ചവടവും ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. വരുണിന്റെ സ്വത്തുവിവരങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി റജിസ്ട്രേഷൻ, മോട്ടോർ വാഹന വകുപ്പുകൾക്ക് കത്ത് നൽകാനും അന്വേഷണസംഘം നീക്കം തുടങ്ങി. ലഹരി ഇടപാടുകൾക്കായി ഫ്ലാറ്റുകളും മുറികളും നേരിട്ട് ബുക്ക് ചെയ്യാതെ സ്ത്രീകളെ ഉപയോഗിച്ചിരുന്നതായും, മുറി ബുക്ക് ചെയ്ത് നൽകുന്നവർക്ക് കമ്മീഷൻ നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി വരുൺ നേരിട്ട് ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരുന്നതായാണ് എക്സൈസിന്റെ വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെ അന്വേഷണസംഘം ചോദ്യം ചെയ്തു.
കേസിലെ മറ്റ് പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായി നാല് ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾക്ക് എക്സൈസ് കത്തയച്ചു. അതേസമയം, വരുൺ ദേവുമായി അടുത്ത ബന്ധമുള്ള തിരുവല്ലയിലെ പ്രാദേശിക സിപിഎം നേതാവ് പ്രകാശ് ബാബുവിനെ ഉടൻ ചോദ്യം ചെയ്യും. വരുണിന്റെ ലഹരി ഇടപാടുകളുമായി പ്രകാശ് ബാബുവിന് ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുക. വരുണിന്റെ അറസ്റ്റ് വിവരം വീട്ടുകാരെ അറിയിച്ചത് മുൻ തിരുവല്ല ഏരിയ കമ്മിറ്റി അംഗവും നിലവിൽ ബ്രാഞ്ച് അംഗവുമായ പ്രകാശ് ബാബുവിലൂടെയാണ്. എന്നാൽ വരുണിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നാണ് പ്രകാശ് ബാബു മനോരമ ന്യൂസിനോട് പ്രതികരിച്ചത്.