പതിനാലു ജില്ലകളിലും എക്സൈസിന് കീഴിലുള്ള വിജിലൻസ്, ഇന്റലിജൻസ് സംവിധാനങ്ങൾ അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കും. വിശ്വാസയോഗ്യരായ ഉദ്യോഗസ്ഥരെ നിലനിർത്തി മറ്റുള്ളവരെ ഒഴിവാക്കിയുള്ള പട്ടിക എക്സൈസ് കമ്മിഷണർ തയാറാക്കി. കോട്ടയം മുൻ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കെതിരെ ആലപ്പുഴയിലും കോട്ടയത്തും പരാതിയും തെളിവും ലഭിച്ചിട്ടും ഇന്റലിജൻസ് സംവിധാനം കണ്ണടച്ച സാഹചര്യത്തിലാണ് നവീകരണം.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കാര്യക്ഷമതയിൽ മന്ത്രിക്ക് തന്നെ സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് പതിനാലു ജില്ലകളിലെയും പുനഃസംഘടന. എക്സൈസ് വിജിലൻസ്, എക്സൈസ് ഇന്റലിജൻസ് വിഭാഗങ്ങളിൽ സമഗ്രമായ അഴിച്ചുപണിയുണ്ടാകും. ക്രമക്കേടിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കും.
സേനയിൽ മികവറിയിച്ച, അന്വേഷണ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. ബാറുകൾ നേരത്തേ തുറന്ന് വൈകി അടയ്ക്കുന്നത്, ബാറുടമകളുടെ കയ്യിൽനിന്ന് മാസപ്പടി വാങ്ങുന്നത്, പാരിതോഷികങ്ങളും സമ്മാനങ്ങളും കൈപ്പറ്റുന്നത് എന്നിവയിൽ കൃത്യമായ ഇടപെടലിനു പകരം പലയിടത്തും മൗനം പാലിച്ചു. ആലപ്പുഴയിലും കോട്ടയത്തും ഇന്റലിജൻസ് വിഭാഗത്തിന് എക്സൈസ് ആസ്ഥാനത്തുനിന്നും കൃത്യമായ നിർദേശമുണ്ടായിരുന്നിട്ടും ഇടപെട്ടില്ല.
ഗുരുതര ക്രമക്കേടിന് കൂട്ടുനിന്ന മുൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെതിരെ മതിയായ തെളിവുകൾ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല. എക്സൈസിന്റെ ഓരോ നീക്കവും ബാറുടമകൾ കൃത്യമായ ഇടവേളയിൽ അറിയുകയും ചെയ്തു. ഈ സൗഹൃദപ്പണിയുടെ ആവശ്യമില്ലെന്നാണ് എക്സൈസ് കമ്മിഷണറുടെ നിലപാട്. അശോക് കുമാറിനെതിരായ അന്വേഷണത്തിനു പിന്നാലെ മറ്റ് മൂന്ന് ജില്ലകളിലെ ഉയർന്ന എക്സൈസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഇവർക്കെതിരായ സാമ്പത്തിക ഇടപാടിന്റെ പ്രാരംഭ തെളിവുകൾ എക്സൈസ് കമ്മിഷണർക്ക് ലഭിച്ചിട്ടുണ്ട്.