chenthianil-vd-satheesan-02
  • മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ കേസിൽ തിരുവനന്തപുരം ഡിസിസി അംഗമായിരുന്ന ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ കേസിൽ  തിരുവനന്തപുരം ഡിസിസി അംഗമായിരുന്ന  ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അവഹേളിച്ചെന്ന കേസിലാണ് ചേന്തി അനില്‍ (അനിൽ കുമാർ–57) അറസ്റ്റിലായത്. റൗഡി ലിസ്റ്റിലുള്ള അനിൽ, മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തടഞ്ഞതെന്നും പൊതുജനമധ്യത്തിൽ ഭീഷണി മുഴക്കിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് അനിലിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ അനിലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. ചേന്തി ശ്രീനാരായണ സാംസ്കാരികനിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയുമാണ് അനിൽ. Also Read: പത്തുവര്‍ഷം ഭരിച്ചപ്പോള്‍ അഹങ്കാരം കൂടി; പാര്‍ട്ടിക്കാര്‍ക്ക് വിനയം വേണം: തോമസ് ഐസക്


ചെമ്പഴന്തിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ചേന്തി വഴി പോകുന്നതിനിടെയായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്ന എൻ. പീതാംബരക്കുറുപ്പ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കണ്ട് മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങി സൗഹൃദ സംഭാഷണം നടത്തുന്നതിനിടെയാണ് അനിൽ എത്തിയത്.

'ഏറ്റ പരിപാടിയല്ലേ, എന്താ പങ്കെടുക്കാത്തത്' എന്ന് അനിൽ മുഖ്യമന്ത്രിയോട് ഉച്ചത്തിൽ ചോദിച്ചു. 'എന്താണ് പ്രശ്നം, ഞാൻ വരാമെന്ന് പറഞ്ഞിരുന്നോ? മര്യാദയ്ക്ക് സംസാരിക്കണം' എന്ന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും' എന്ന് ചോദിച്ച് അനിൽ തട്ടിക്കയറുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം അനിലിനെ പിടിച്ചുമാറ്റി. മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.

ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് സംഘാടകർ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുമെന്നറിയിച്ചുള്ള ചിത്രങ്ങളും സ്ഥലത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ സംഘർഷസാധ്യതയും ചില സാമൂഹികവിരുദ്ധരുമായി അനിലിനുള്ള ബന്ധവും ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കരുതെന്ന് സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫിസിന് റിപ്പോർട്ട് നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസും വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Chenthi Anil has been granted bail in the case related to allegedly stopping Chief Minister V.D. Satheesan on the road. The Judicial Magistrate Court granted him bail subject to conditions. Congress leader and patron of the Chenthi Sree Narayana Cultural Centre Charitable Society, Chenthi Anil (Anil Kumar, 57), had been remanded after being arrested in connection with the incident.