തൃശ്ശൂര്‍ മണ്ണുത്തിയിലുള്ള മയൂര ബാറിൽ പ്രായപൂർത്തിയാകാത്ത 17-കാരന് മദ്യം നൽകിയ സംഭവത്തിൽ ബാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബാറിൽ മദ്യപാനത്തിനിടെ യുവാക്കൾ തമ്മിൽ അടിപിടിയുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണുത്തി പൊലീസ് ഈ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റഡിയിലായവരിൽ ഒരാൾക്ക് 17 വയസ്സ് മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്യുന്നത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. മദ്യം ആവശ്യപ്പെടുന്ന വ്യക്തികളുടെ പ്രായത്തിൽ സംശയമുണ്ടെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. നിയമലംഘനം തെളിഞ്ഞ സാഹചര്യത്തിൽ ബാറിന്‍റെ ലൈസന്‍സ് പുതുക്കുന്നതിനെ വരെ ഇതു ബാധിക്കും. സംഭവത്തിൽ മദ്യം നൽകിയ ബാർ അധികൃതർക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.