തൃശൂർ  തോളൂരിൽ വീട് കുത്തിപ്പൊളിച്ച് 50 പവൻ കവർന്ന പ്രതികൾ പിടിയിൽ. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്.  

ആഗസ്റ്റ് 21നാണ്  തുണിക്കട ഉടമ പറപ്പൂർ സ്വദേശി  ഷക്കീറിന്റെ വീട്ടിൽ മോഷണം നടന്നത്. മകളുടെ വിവാഹത്തിന് വാങ്ങിയ ആഭരണമാണ് നഷ്ടമായത്.

കൽക്കി സന്തോഷ് എന്ന് വിളിക്കുന്ന 44കാരൻ  സന്തോഷ്, കൂട്ടുപ്രതികളായ 46 കാരി സജിത,  35 കാരി അഖില എന്നിവരാണ് പിടിയിലായത്.കേസിൽ സത്യേഷ് എന്നയാൾ കൂടി പിടിയിലാകാനുണ്ട്.

സന്തോഷും   സത്യേഷും ചേർന്ന് മോഷണം നടത്തി. സജിതയും അഖിലയും സ്വർണാഭരണങ്ങൾ വിറ്റു. സത്യേഷിനായുള്ള തിരച്ചിൽ  ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് പ്രതികൾ അകത്തു കയറിയത്.ഒട്ടനവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ സന്തോഷ്. മോഷണ മുതൽ  ഇയാൾ ആർഭാടത്തിന്  ഉപയോഗിക്കും.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൃശൂർ  സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.