അഞ്ജന, അനില, ആൻ മേരി മാത്യു
കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു. രണ്ടുദിവസത്തിനകം മൃതദേഹം യുഎസ് പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയേക്കുമെന്നും തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. കൊലപാതകമെന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കാരണമെന്തെന്ന് യു.എസ് പൊലീസാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശനും അഞ്ജനയുടെ കുടുംബത്തെ വിളിച്ചതായാണ് വിവരം.
‘അമേരിക്കയിലെ നിയമ നടപടികളും പൊലീസിന്‍റെ എൻഒസി ലഭിക്കലും അത്യാവശ്യമാണ്. അതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. അവിടെ നിലവിൽ ഞായറാഴ്ച രാത്രിയായതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓട്ടോപ്സി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ചയോടെ ബോഡി കോൺസുലേറ്റിന്‍റെ നിർദ്ദേശപ്രകാരം ബന്ധുക്കള്‍ക്ക് കൈമാറാൻ സാധിക്കും. ഓട്ടോപ്സിക്ക് ശേഷം പേപ്പർ വർക്കുകളും കാർഗോ സ്പേസും മുൻകൂട്ടി ഉറപ്പാക്കി എത്രയും വേഗം നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അമേരിക്കൻ പൊലീസ് വ്യക്തമാക്കിയ ശേഷം മാത്രമേ പുറത്തുവിടാൻ സാധിക്കൂ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്’– സുരേഷ് ഗോപി പറഞ്ഞു.
2021ലാണ് അഞ്ജനയും കുടുംബവും കലിഫോർണിയയിലെത്തുന്നത്. 2023ൽ ആണ് അവസാനമായി മണ്ണുത്തിയിലെ വീട്ടിലെത്തിയത്. അഞ്ജനയുടെ ഭർത്താവ് പീച്ചി വിലങ്ങന്നൂർ സ്വദേശി വിജീഷ് കലിഫോർണിയയിൽ സോഫ്റ്റ്‍വെയർ എൻജിനീയറാണ്. അഞ്ജനയാകട്ടെ കലിഫോര്‍ണിയയിലെ സ്കൂളില്‍ ആറുവര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ആറുവയസ്സുകാരി വാമികയാണ് മകള്‍. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ആഘാതത്തിലും ഞെട്ടലിലുമാണ് ബന്ധുക്കളും നാട്ടുകാരും.
മിൽപീറ്റസിലെ ഒരു അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് കൊല്ലപ്പെട്ട രണ്ടുപേരും പ്രതിയായ അനിലയും താമസിച്ചിരുന്നത്. വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ഒന്നിച്ചാണ് ഓണാഘോഷങ്ങളിൽ പങ്കെടുത്തതും സിനിമ കാണാൻ പോയതുമെന്ന് ബന്ധുക്കൾ പറയുന്നു. ഓഗസ്റ്റ് 28 ന് യുഎസ് പ്രാദേശികസമയം 1.53നാണ് കൊലപാതകം നടന്നത്. പ്രതിയായ അനില, ആൻ മേരിയെ അപ്പാർട്ട്‌മെന്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് താഴെയെത്തി അഞ്ജനയെ അപ്പാർട്ട്‌മെന്റിന് പുറത്തേക്ക് വിളിച്ചിറക്കി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാത്രിയോടെയാണ് നാട്ടിലുള്ള ബന്ധുക്കൾ വിവരമറിയുന്നത്. തുടക്കത്തിൽ അപകടമെന്നാണ് കരുതിയതെങ്കിലും പിന്നീട് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നവരും ഒന്നിച്ച് യാത്രകളും ആഘോഷങ്ങളും നടത്തിയിരുന്നവരുമായ ഇവർക്കിടയിൽ പെട്ടെന്ന് ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് അഞ്ജനയുടെ ബന്ധുക്കൾ പറഞ്ഞു. പ്രതിക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അമേരിക്കൻ പൊലീസിന്‍റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബം.