kanakakunn

TOPICS COVERED

  ഈ ഓണാവധിക്ക് മൺപാത്രം നിർമിച്ചാലെങ്ങനെയുണ്ടാകും? ഒന്ന് ചെണ്ട കൊട്ടി നോക്കിയാലോ, അതുമല്ലെങ്കിൽ കൂട്ടുകാരുമൊത്ത് നല്ലൊരു റീൽ കാച്ചാം. എന്നാൽ തിരുവനന്തപുരം കനകക്കുന്നിലേക്ക് വിട്ടോളൂ. വിനോദസഞ്ചാര വകുപ്പിന്റെ ഓണം ടൂറിസം വാരാഘോഷം ഗംഭീര വിരുന്നൊരുക്കുകയാണ്..

ഒരു കാലത്ത് വീട്ടിലെ മുതിർന്നവർ കുഞ്ഞുങ്ങൾക്കായി ഓലയിൽ തീർത്തിരുന്ന കൗതുകങ്ങൾ. പക്ഷിയും കണ്ണടയും തൊപ്പിയും ഒക്കെയായി മാറിയ ഓലക്കീറിലെ കരവിരുത്. കനകക്കുന്നിലെത്തുന്നവരുടെ കണ്ണുടക്കുന്നത് ഈ കാഴ്ചകളിലാണ്. ക്ഷമയും സർഗാത്മകതയും ഒരുമിക്കുമ്പോൾ പച്ചോലകൾ രൂപങ്ങളാകും. കണ്ടുനിൽക്കുന്ന കുഞ്ഞുമുഖങ്ങളിൽ സന്തോഷത്തിരയിളക്കം. നമ്മളുടെ ഭക്ഷണം വിളമ്പാനുള്ള പാത്രം നമുക്ക് തന്നെ ഉണ്ടാക്കാം. മൺപാത്ര നിർമാണം കല മാത്രമല്ല സ്വയംപര്യാപ്തതയുടെ ഭാഗം കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് കലാകാരൻ അനിൽകുമാർ.

കൃത്രിമമായി നിർമിച്ച പഴയ തറവാട് വീടിൻ്റെ മുറ്റത്ത് റീൽസ് എടുക്കാൻ തിരക്കാണ്. കാലം മാറുന്നതനുസരിച്ച് കൊട്ടിക്കേറണം. കലാകാരന്മാരിൽ നിന്ന് നേരിട്ട് പഠിച്ച് ചെണ്ട കൊട്ടാൻ കനകക്കുന്നിൽ അവസരമുണ്ട്. ചെണ്ടയിൽ ഒരു കൈ പരീക്ഷിക്കാതെ ആരും മടങ്ങാറില്ല. കലയും സംസ്കാരവും കാണാനും ആസ്വദിക്കാനും മാത്രമുള്ളതല്ല അറിയാനും പഠിക്കാനും കൂടി വേണ്ടിയാണെന്ന് കനകക്കുന്നിലെ ഓണം ടൂറിസം വാരാഘോഷം ഓർമിപ്പിക്കുന്നു. ആഘോഷങ്ങളിൽ ഒരുമിച്ച് ചേരാൻ ഒരിടം ഒരുക്കുന്നു.

ENGLISH SUMMARY:

Onam celebrations at Kanakakkunnu Palace offer a vibrant mix of traditional arts and interactive workshops. Visitors can experience pottery making, learn to play the chenda, and create Reels amidst a festive atmosphere.