മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി ഓണമുണ്ണാൻ കുടുംബസമേതം പി.കെ. ശശിയുടെ വീട്ടിലെത്തി. എല്ലാ വർഷവും പാലൊളി ഓണത്തിന് ഇവിടെ എത്താറുണ്ട്. ഇത്തവണ പി.കെ. ശശി എതിർചേരിയിലാണെങ്കിലും പാലൊളി പതിവ് തെറ്റിച്ചില്ല. മണ്ണാർക്കാട്ടെ തന്‍റെ വീട്ടിലെത്തി പാലൊളി ഓണസദ്യ കഴിക്കുന്ന ചിത്രം പി.കെ.ശശി തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

സിപിഎം വിട്ട് വിമത കൂട്ടായ്മ രൂപീകരിച്ച പി.കെ. ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും പിന്നീട് സിഎംപിയിൽ ചേരുകയും ചെയ്തിരുന്നു. സിപിഎം വിട്ട പല നേതാക്കളെയും നിശിതമായി വിമർശിക്കുമ്പോഴും പി.കെ. ശശിയുടെ കാര്യത്തിൽ പാലൊളി മൃദുസമീപനമാണ് സ്വീകരിച്ചത്.

“പി.കെ. ശശിയെ പാർട്ടി സഖാക്കൾ വേണ്ടത്ര പരിഗണിച്ചില്ല എന്നൊരു പരാതി അയാൾക്കുണ്ട്. അയാൾ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്നില്ല എന്ന പരാതി പാർട്ടിക്കുമുണ്ട്. അത് വിശദമായി പരിശോധിച്ചാൽ രണ്ടിലും ചില ശരിയും ചില തെറ്റുമുണ്ടെന്ന് മനസിലാകും,” പി.കെ. ശശി പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നേരത്തെ പാലൊളി മുഹമ്മദ് കുട്ടി നൽകിയ മറുപടിയാണിത്. പാലൊളി പി.കെ. ശശിയുടെ വീട്ടിൽ എത്തിയതിനെക്കുറിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു അടക്കമുള്ള നേതാക്കൾ ആരും പ്രതികരിച്ചിട്ടില്ല.

എന്നാൽ പാലൊളിയുടെ സന്ദർശനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. “സിപിഎം നേതാവ് പാലൊളിക്കും, സിപിഎം പുറത്താക്കി സിഎംപിയിൽ ചേർന്ന പി.കെ. ശശിക്കും ഓണാശംസകൾ” എന്നായിരുന്നു ഒരു പ്രതികരണം. കാലങ്ങളായി വ്യക്തിബന്ധമുള്ള രണ്ട് വ്യക്തികൾ രാഷ്ട്രീയമായി വേർപിരിഞ്ഞതിന് ശേഷവും ബന്ധത്തിന് ഉലച്ചിൽ വരുത്താതെ ഓണാഘോഷത്തിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിൽ പോലും രാഷ്ട്രീയപ്പക കാണേണ്ടതില്ലെന്ന് മറ്റൊരാൾ കുറിച്ചു. “പാലൊളി സഖാവേ, ഇത് വേണ്ടായിരുന്നു. എല്ലാ നിലപാടുകളിലും സഖാവിനെ മാതൃകയായി കാണുമ്പോഴും ഈ ചിത്രം കാണുമ്പോൾ എന്തോ ശരികേട് തോന്നുന്നു” എന്നായിരുന്നു മറ്റൊരു പ്രതികരണം.

ENGLISH SUMMARY:

Senior CPI(M) leader Paloli Mohammed Kutty continued his annual tradition by visiting the Mannarkkad residence of PK Shashi to celebrate Onam with his family. Despite Shashi leaving the party to form a rebel faction and later joining the CMP as an independent candidate, Paloli maintained their long-standing personal relationship. PK Shashi shared photos of the Onam feast on Facebook, which quickly sparked mixed reactions across social media platforms. While many appreciated their ability to preserve personal bonds beyond political divides, others expressed disapproval regarding party dynamics.