മെസിയെ കേരളത്തിലെത്തിക്കുന്നു എന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ വിദേശ നാണ്യ വിനിമയ ചട്ട പ്രകാരം കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ പണമിടപാടില്‍ ചട്ടലംഘനമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുക. മെസിയെ കേരളത്തിലെത്തിക്കാന്‍ 126 കോടി രൂപ വിദേശത്തെ അക്കൗണ്ടിലേക്ക് കൈമാറി എന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം.
വിഷയത്തില്‍ ഇഡി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. പണമിടപാട് രേഖയും അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള കരാര്‍ രേഖയും ഇഡി ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇഡി ഫെമ കേസെടുക്കുന്നത്. ഈ പണമിടപാടില്‍ എന്തെങ്കിലും ചട്ടലംഘനം നടന്നോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
മെസിയെയും അര്‍ജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ 126 കോടി രൂപ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസറ്റിങ് കമ്പനിയുടെ അവകാശവാദം. ഈ ഇടപാടില്‍ 22.68 കോടി രൂപ സര്‍ക്കാരിന് ജി.എസ്.ടിയായി നല്‍കേണ്ടതാണ്. അതുണ്ടായില്ലെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിരുന്നു. കൂടാതെ മെസിയുടെ പേരിലെ തട്ടിപ്പില്‍ സ്പോണ്‍സറുടെ അക്കൗണ്ടിലെത്തിയത് 206 കോടിയെന്നും ജിഎസ്ടി– എസ്.ഐ.ടി സംഘം കണ്ടെത്തിയിരുന്നു.
ഇത് മെസ്സിയെ കൊണ്ടുവരുന്നതിനുള്ള പണപ്പിരിവിന്‍റെ ഭാഗമായി എത്തിയതാണോ എന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. രണ്ട് ധനകാര്യസ്ഥാപനങ്ങളില്‍നിന്നാണ് പണമെത്തിയത്. ഈ തുക വായ്പയായി രേഖപ്പെടുത്തിയിട്ടില്ല. സ്പോണ്‍സറുടെ അക്കൗണ്ടില്‍നിന്ന് പണം ഉടന്‍ മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. സ്പോൺസറുടെ അക്കൗണ്ട് ഇടനില അക്കൗണ്ട് ആയി ഉപയോഗിച്ചോ എന്നും സംശയമുണ്ട്. ഇക്കാര്യത്തിൽ ഫെമ ചട്ടലംഘനം ഉൾപ്പെടെ പരിശോധിക്കണം എന്ന് ജിഎസ്ടി വകുപ്പ് നേരത്തെ അറിയിച്ചു. മെസിയെ കൊണ്ടുവരാൻ സ്വന്തം പണമാണ് ചെലവഴിച്ചത് എന്നാണ് സ്പോൺസർ വാദിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നത് ആണ് അക്കൗണ്ട് വിവരങ്ങൾ.