Image Credit: instagram.com/aaknopf
സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്‍മാറി. നിര്‍ദേശിച്ച എഡിറ്റിങ് സോണിയ തള്ളിയതോടെയാണ് പെന്‍ഗ്വിന്‍ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറിയത്. ഉള്ളടക്കത്തില്‍ മാറ്റവും ഒഴിവാക്കലും സാധ്യമല്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതോടെയാണ് പിന്‍മാറ്റം. 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകം നവംബറിലായിരുന്നു പുറത്തിറങ്ങേണ്ടിയിരുന്നത്.
പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഉപവിഭാഗമായ യു.എസ് ആസ്ഥാനമായുള്ള ആൽഫ്രഡ് എ. ക്നോപ്പാണ് പുസ്തകത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ആദ്യ പതിപ്പിൽ 100,000 കോപ്പികൾ അച്ചടിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. അതേസമയം, പെൻഗ്വിന്‍ പിന്മാറിയതിന് പിന്നാലെ പുസ്തകത്തിന്‍റെ ഇന്ത്യയിലെ പ്രസിദ്ധീകരണ കരാറിനായി മറ്റു പ്രസാധകര്‍ രംഗത്തുണ്ട്. പുസ്തകം ഹാർപേർ കോളിൻസ് ഇന്ത്യയില്‍ പ്രസിദ്ധകിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ'. നെഹ്‌റു കുടുംബത്തിലേക്കുള്ള വിവാഹവും ഇന്ദിരാ ഗാന്ധിയുടെയും ഭർത്താവ് രാജീവ് ഗാന്ധിയുടെയും വധവും ശേഷമുള്ള അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശനം, പതിറ്റാണ്ടുകളോളം കോൺഗ്രസ് പാർട്ടിയെ നയിച്ച അനുഭവങ്ങളും സമഗ്രമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. നേരത്തെ പുസ്തകത്തെ പറ്റി രാഹുല്‍ ഗാന്ധി വികാരാധീനനായിരുന്നു.
പിതാവിന്റെ മരണശേഷം സോണിയാഗാന്ധിയുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് തനിക്കും പ്രിയങ്കയ്ക്കും മാത്രമേ അറിയുകയുള്ളൂ. സ്വകാര്യതയെ ഏറെ വിലമതിക്കുന്ന ഒരാൾക്ക് സ്വന്തം ജീവിതകഥ ലോകത്തോട് വിളിച്ചുപറയുക എന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തനിക്കറിയാമെന്നും രാഹുൽ ഗാന്ധി എക്സില്‍ പറഞ്ഞിരുന്നു. പുസ്തകം സോണിയ ഗാന്ധിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ വായിക്കുമെന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും രാജീവ് ഗാന്ധി പുഞ്ചിരിയോടെയും അഭിമാനത്തോടെയും സോണിയയെ നോക്കിക്കാണുന്നുണ്ടാവുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി എക്സ്. പോസ്റ്റ് അവസാനിപ്പിക്കുന്നത്.