rannitemple

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള റാന്നി ഭഗവതിക്കുന്ന് ക്ഷേത്രഭൂമിയിലെ തേക്ക് ഉള്‍പ്പെടെയുള്ള ലക്ഷങ്ങള്‍ മൂല്യമുള്ള തടി മുറിച്ച് മാറ്റി മറിച്ചുവിറ്റത് ദേവസ്വം ഉദ്യോഗസ്ഥന്‍റെയും ശാന്തിക്കാരന്‍റെയും ആസൂത്രണമെന്ന് വിജിലന്‍സ്. റാന്നി സബ് ഗ്രൂപ്പ് ഓഫിസര്‍ എല്‍. രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്യുന്നതിനൊപ്പം ശാന്തിക്കാരനായ അഭിജിത്ത് നായരെ പിരിച്ചുവിടണമെന്നും ദേവസ്വം വിജിലന്‍സ് എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ആറന്മുള ഗ്രൂപ്പ് മുന്‍ അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണറായിരുന്ന എസ്. ശ്രീലേഖയ്ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. 

പരിസരവാസികള്‍ക്ക് ഭീഷണിയെന്ന കഥയുണ്ടാക്കി വിലകൂടിയ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപ്പാക്കിയ തിരക്കഥയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞത്. തേക്ക്, വട്ട, മഞ്ചാടി, ആഞ്ഞിലി മരങ്ങള്‍ അടുത്ത വീട്ടുകാര്‍ക്ക് അത്യാഹിതം വരുത്തുമെന്നറിയിച്ച് പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് റാന്നി സബ് ഗ്രൂപ്പ് ഓഫിസര്‍ എല്‍.രാധാകൃഷ്ണനും, ശാന്തിക്കാരനായ അഭിജിത്ത് എ. നായരും ചേര്‍ന്ന്. മരം മുറിക്കാനുള്ള യാതൊരു മാനദണ്ഡവും പാലിച്ചില്ലെന്ന് മാത്രമല്ല മുറിച്ചിട്ട മരങ്ങള്‍ അഭിജിത്ത് ബന്ധുവിന്‍റെ സഹായത്താല്‍ ചെറുകോല്‍ ചക്കിട്ടയിലെ തടിമില്ലില്‍ വിറ്റു. 

158000  രൂപ രാധാകൃഷ്ണനും അഭിജിത്തും ചേര്‍ന്ന് കൈക്കലാക്കി. മരം മുറി പരാതിയും തുടര്‍ന്നുള്ള ആക്ഷേപങ്ങളുമെല്ലാം അറിഞ്ഞിട്ടും അനങ്ങാതിരുന്ന ആറന്മുള ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണറായിരുന്ന എസ്. ശ്രീലേഖയുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായി. മരംമുറിയും വില്‍പ്പനയും പണം കൈക്കലാക്കലുമെല്ലാം ഗുരുതര ആസൂത്രണവും ക്രമക്കേടുമെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. എല്‍. രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്യണം, താല്‍ക്കാലിക ശാന്തിയായ അഭിജിത്തിനെ പിരിച്ചുവിടണം, ശ്രീലേഖയ്ക്കെതിരെ വകുപ്പുതല നടപടിയുണ്ടാവണം.

നിലവില്‍ മലയാലപ്പുഴ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ജോലി നോക്കുന്ന ശ്രീലേഖയെ അപ്രധാന തസ്തികയില്‍ മാറ്റി നിയമിക്കണം. മുറിച്ചിട്ട മരങ്ങളില്‍ ബാക്കി മോഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. മുറിച്ച മരങ്ങളുടെ വില കണക്കാക്കി 18 ശതമാനം പലിശയും ചേര്‍ത്ത് രാധാകൃഷ്ണന്‍, ശ്രീലേഖ എന്നിവരില്‍ നിന്നും ഈടാക്കണം. മറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ക്രിമിനല്‍ കേസെടുത്തുള്ള നടപടി വേണമെന്നും വിജിലന്‍സ് എസ്.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. 

ENGLISH SUMMARY:

Malayala Manorama Online News reports on a massive timber theft from the Ranni Bhagavathy Kunnu Temple land under the Travancore Devaswom Board. The alleged scam, involving the sale of valuable teak and other timber, was orchestrated by a Devaswom official and a priest.