Untitled design - 1

മാധ്യമങ്ങളുടെ ചീട്ട് സിപിഎമ്മിനു വേണ്ടെന്നും അവരുടെ തണലിലല്ല പാര്‍ട്ടി വളര്‍ന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭീഷണിപ്പെടുത്താമെന്ന ധാരണ ഇ.ഡിയ്ക്കും മാധ്യമങ്ങള്‍ക്കും വേണ്ട. രാഷ്ട്രീയലക്ഷ്യം കണ്ടാണ് ഇ.ഡിയുടെ നീക്കങ്ങള്‍. സമൂഹത്തിനുമുന്നില്‍ പുകമറ സൃഷ്ടിക്കുന്നു. 95 ശതമാനം കേസുകളും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ്. ബി.ജെ.പിക്കാരാണെങ്കില്‍ കേസില്ല എന്നതാണ് സ്ഥിതി. 15 കോടി രൂപ ബിജെപിയുടെ ഓഫിസില്‍ വന്നെന്ന വെളിപ്പെടുത്തലുണ്ടായി. ഇ.ഡി നടപടിയെടുത്തോ? കൊടകര കുഴല്‍പ്പണക്കേസ് എന്തായി?. 

സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹവാല ഇടപാടെന്നത് ഇ.ഡിയുടെ സൃഷ്ടിയാണ്. റെയ്ഡില്‍ ഇ.ഡിക്ക് ഒന്നും കണ്ടെത്താനായില്ല. മുഹമ്മദ് റിയാസിനും മറ്റ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം വന്നാല്‍ നേരിടും. സി.പി.എമ്മിനെ തകര്‍ക്കാന്‍ ഇ.ഡി മെനക്കടേണ്ടെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട്  ഇ.ഡി  നടത്തിയ റെയ്ഡുകളെ പ്രതിരോധിക്കാൻ കോഴിക്കോട് മുതലക്കുളത്ത് സിപിഎം വിളിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. 

‘വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി’

ടി. വീണക്കെതിരായ വാര്‍ത്താക്കുറിപ്പില്‍ തന്‍റെ പേരുള്‍പ്പെടുത്തിയത് അസാധാരണ നടപടിയെന്ന പിണറായി വിജയന്‍റെ വാദം തള്ളി ഇ.ഡി രംഗത്തെത്തി. റെയ്‍ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് സ്വഭാവിക നടപടിയെന്നും ഇ.ഡിയുടെ വിശദീകരണം. 

സി.എം.ആര്‍.എല്‍ –എക്സാലോജിക്ക് സാമ്പത്തിക ഇടപാടു കേസില്‍ ടി.വീണയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ ഇ.ഡി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ തന്‍റെ പേരുള്‍പ്പെടുത്തിയത് അസാധാരണ നടപടിയെന്നായിരുന്നു പ്രതിപക്ഷ  നേതാവ് പിണറായി വിജയന്‍റെ വിമര്‍ശനം. റെയ്ഡുകള്‍ നടത്തിയതിന് ശേഷം കാര്യങ്ങള്‍ വിശദീകരിക്കുന്നത് പതിവാണെന്നും അസ്വാഭാവികതയില്ലെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീണക്കെതിരെ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങളാണ്  വാര്‍ത്താകുറിപ്പില്‍  പരാമര്‍ശിച്ചതെന്നാണ് ഇ.ഡിയുടെ വിശദീകരണം. പിണറായുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നു. മുന്‍  മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയതിനാണ് വീണയ്ക്കെതിരെ അന്വേഷണം  നടക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. 

Also read: പിണറായി എന്തിനെയോ ഭയക്കുന്നു; തരംതാഴുമെന്ന് കരുതിയില്ല: മാത്യു കുഴല്‍നാടന്‍

പിണറായുടെ വിമര്‍ശനം ഭയം കൊണ്ടാണെന്നും , മകള്‍ക്ക് വിദേശത്ത് കമ്പനിയുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 

പിണറായിയുടെ വിമര്‍ശനങ്ങള്‍ക്കിടെ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന അടക്കമുള്ള   നിയമപരമായ തുടർ നടപടികള്‍ വേഗത്തിലാക്കാനാണ് ഇ.ഡിയുടെ നീക്കം 

ENGLISH SUMMARY:

Malayala Manorama Online News reports that CPM state secretary MV Govindan has stated that the media is not acting for the CPM and that the party did not grow under their influence. He also asserted that the Enforcement Directorate (ED) should not attempt to threaten them, as their actions are politically motivated and designed to create a smokescreen for the public.